പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തെ തുടർന്നുണ്ടായ മരണത്തിൽ വൻ പ്രതിഷേധം. ഇന്നലെ തേക്കുവട്ട സ്വദേശി ശാന്തകുമാർ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാക്കാതെ പോസ്റ്റ്‌മോർട്ടം നടപടികൾ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ അട്ടപ്പാടി മേഖലയിൽ നാല് പേരാണ് മരിച്ചത്. ഇതാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമാക്കാൻ കാരണം.
ഇന്നലെ താവളം- മുള്ളി റോഡിൽ വെച്ചാണ് ശാന്തകുമാർ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇദ്ദേഹം റോഡിൽ നിൽക്കുന്ന ആനയെ ശ്രദ്ധിച്ചിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു.
വീഴ്ചയിൽ വാരിയെല്ലിന് പൊട്ടലും കാലിന് ഗുരുതര പരിക്കുകളും സംഭവിച്ച ശാന്തകുമാറിനെ ഉടൻ തന്നെ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർച്ചയായ കാട്ടാന ആക്രമണങ്ങൾക്കെതിരെ വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതിലുള്ള രോഷമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നിൽ.












