ഞീഴൂര്‍: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമത്തും മുമ്പേ നവീകരണം നടത്തിയ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ സീലിംഗും അനുബന്ധ നിര്‍മാണ പ്രവര്‍ത്തികളും പൂര്‍ണമായും തകര്‍ന്നു വീണു. താഴെ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകളും രണ്ട് കാറുകളും ഒരു ഓട്ടോറിക്ഷയും ഉള്‍പെടെയുള്ളവയുടെ മുകളിലേക്കാണ് സീലിംഗ് തകര്‍ന്ന് വീണത്.
കഴിഞ്ഞ 16 ന് രാവിലെ സീലിംഗിന്റെ കുറച്ച് ഭാഗം ഇളകി വീണിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാവിലെ 10.30 ഓടെ ഇവ പൂര്‍ണമായും തകര്‍ന്ന വീണത്. 25 ലക്ഷം രൂപ മുടക്കി നവീകരിച്ച ഞീഴൂര്‍ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളിന്റെ സീലിംഗാണ് ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയത്ത് തകര്‍ന്ന് വീണത്. ഈ സമയം താഴെയുണ്ടായിരുന്ന ആളുകള്‍ ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. സീലിംഗ്, ഗ്ലാസ്സ്, ബീഡിഗ്, ഷീറ്റ് എന്നിങ്ങനെ പൂര്‍ണമായും തകര്‍ന്ന് വീഴുകയായിരുന്നു. നിര്‍മാണത്തിലെ അപാകതയാണ് ഇതിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും ആരോപിച്ചു.
മഴ വെള്ളം പോകാന്‍ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നതാണെങ്കിലും സീലിംഗിനിടെ വെള്ളം കെട്ടി നിന്നതാണ് 16 ന് ഇതു അടര്‍ന്ന് വീണപ്പോള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. കമ്മ്യൂണിറ്റി ഹാളിന്റെ മുന്‍വശത്തെ ഭാഗമാണ് തകര്‍ന്ന് വീണത്. മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ഞീഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. ഇതിന്റെ ഉദ്ഘാടനം അടുത്തിടെ മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചിരുന്നു.














