വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ പ്രബോധനമനുസരിച്ച് പരിപൂര്‍ണ്ണ ദാരിദ്ര്യത്തിന്റേതായ ജീവിതം നയിച്ച ആദ്യത്തെ സന്യസ്ഥയായിരുന്നു വിശുദ്ധ ക്ലാര. 1194 ജൂലൈ 16-ന് ഇറ്റലിയിലെ അസീസ്സിയിലാണ് വിശുദ്ധ ജനിച്ചത്. സാന്‍ ഡാമിനോയിലെ ഒരു ചെറിയ കോണ്‍വെന്റിലെ സന്യാസിനീ സമൂഹത്തിന്റെ ആശ്രമാധിപയായി വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ക്ലാരയെ നിയമിച്ചു.
അനുദിന പ്രാര്‍ത്ഥനാ ഗ്രന്ഥത്തില്‍ വിശുദ്ധയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു, “വിശുദ്ധ ഫ്രാന്‍സിസിന്റെ മാതൃകയെ അനുകരിച്ചു കൊണ്ട്, അവള്‍ തന്റെ സമ്പാദ്യമെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു കൊടുത്തു. ഈ ലോകത്തിന്റെ ശബ്ദകോലാഹലങ്ങളില്‍ നിന്നും അകന്ന്‍ ഗ്രാമപ്രദേശത്തുള്ള ഒരു ദേവാലയത്തില്‍ താമസിക്കുകയും ചെയ്തു. 1212 മാര്‍ച്ച് 18-ന് അവിടെ വെച്ച് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി തന്നെ അവളുടെ മുടി മുറിച്ചു കളയുകയും അവള്‍ക്ക് സഭാ വസ്ത്രം നല്‍കുകയും ചെയ്തു. അപ്പോള്‍ ക്ലാരക്ക് പതിനെട്ട് വയസ്സായിരുന്നു പ്രായം. പിന്നീട് അവള്‍ വിശുദ്ധ ഡാമിയന്റെ ദേവാലയത്തിലായിരുന്നു താമസിച്ചിരുന്നത്. അവിടെ ദൈവം അവള്‍ക്ക് കുറച്ചു പുണ്യവതികളായ സഹചാരികളെ നല്‍കി.
തുടര്‍ന്ന് വിശുദ്ധ ഫ്രാന്‍സിസിന്റെ ഉപദേശത്തില്‍ അവള്‍ ഒരു സന്യാസിനീ സമൂഹത്തിനു രൂപം നല്‍കുകയും അവരുടെ സുപ്പീരിയര്‍ ആയി വര്‍ത്തിക്കുകയും ചെയ്തു. ഏതാണ്ട് 42 വര്‍ഷത്തോളം വിശുദ്ധ സഹ കന്യാസ്ത്രീകളെ വളരെയേറെ ഉത്സാഹത്തോടും വിവേകത്തോടും കൂടി നയിച്ചു. ഇന്നസെന്റ് നാലാമന്‍ പാപ്പായുടെ സമ്മതത്തോടു കൂടി പരിപൂര്‍ണ്ണ ദാരിദ്ര്യത്തിന്റെതായ ജീവിതമായിരുന്നു വിശുദ്ധയും അവളുടെ സന്യാസിനി സമൂഹവും നയിച്ചു വന്നിരുന്നത്. വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയെ പരിപൂര്‍ണ്ണമായും പിന്തുടരുകയായിരുന്നു വിശുദ്ധ ചെയ്തിരുന്നത്.
ഏതാണ്ട് 27 വര്‍ഷങ്ങളോളം രോഗത്താല്‍ പീഡിതയായിരുന്നു വിശുദ്ധ. 1253 ഓഗസ്റ്റ് 11-നാണ് വിശുദ്ധ മരണപ്പെടുന്നത്. മരണത്തിനു രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ക്ലാരയെ വിശുദ്ധയായി പ്രഖ്യാപിച്ചു. പരിപൂര്‍ണ്ണ ദാരിദ്ര്യത്തില്‍ ജീവിച്ചിരുന്ന വിശുദ്ധ ഫ്രാന്‍സിസിന്റെ പൂന്തോട്ടത്തില്‍ വിരിഞ്ഞ പുഷ്പമായിരുന്നു വിശുദ്ധ ക്ലാര. ലോകത്തിന്റെ ഭൗതീക വസ്തുക്കളില്‍ ദരിദ്രയും, എന്നാല്‍ തന്റെ സമ്പൂര്‍ണ്ണ ദാരിദ്ര്യത്തില്‍ സമ്പന്നയുമായിരുന്നു വിശുദ്ധ. പുല്‍ത്തൊട്ടി മുതല്‍ കുരിശു വരെ ദരിദ്രനായിരുന്ന യേശുവിന്റെ ഒരു ഉത്തമ മാതൃകയെന്നും വിശുദ്ധയെ വിശേഷിപ്പിക്കാം. ക്രിസ്തീയ ദാരിദ്ര്യത്തില്‍ ആത്മീയത കണ്ടെത്തുവാന്‍ വിശുദ്ധ ക്ലാരയുടെ മാതൃക നമ്മെ സഹായിക്കും.












