റായ്‌പുർ: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിര്‍ത്തതോടെ മോചനം വൈകുന്നു. ബിലാസ്‌പുരിലെ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സർക്കാർ ജാമ്യം നൽകുന്നതിനെ എതിർത്തത്. ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ശനിയാഴ്‌ചത്തേയ്ക്ക് കോടതി മാറ്റി. നേരത്തെ കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷയെ
ഛത്തീസ്‌ഗഡ് സർക്കാർ എതിർക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് തള്ളിയാണ് ഛത്തീസ്‌ഗഡ് സർക്കാരിന്റെ നീക്കം. ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്കു വിടേണ്ട ആവശ്യമില്ലായിരുന്നുവെന്നും കേരളത്തിൽനിന്നുള്ള എംപിമാരോട് ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഈ ഉറപ്പുകളെല്ലാം പാഴ് വാക്കായി.
കഴിഞ്ഞ ആഴ്ചയാണ് ഗ്രീൻ ഗാർഡൻ സിസ്റ്റേഴ്‌സ് (എഎസ്എംഐ) എന്നറിയപ്പെടുന്ന സന്യാസിനീ സമൂഹാംഗങ്ങളും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി, കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന്
അറസ്റ്റ് ചെയ്‌തത്. കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഒരു ആദിവാസി ആൺകുട്ടിയുമുണ്ടായിരുന്നു. കത്തോലിക്ക കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്കു ചേരാൻ മാതാപിതാക്കളുടെ സമ്മതത്തോടെ പോയവരായിരുന്നു 19നും 22നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ.













