2025 ജൂലൈ 27 ഞായർ 1199 കർക്കടകം 11
വാർത്തകൾ
- സഭൈക്യവേദിയായി പ്ലാറ്റിനം ജൂബിലി സമാപനവേദി
പാലാ: രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവേദി സഭൈക്യസമ്മേളന വേദിയായി മാറി. സഹോദരി സഭകളോട് പാലാ പൂലർത്തുന്ന ആത്മബന്ധത്തിന്റെ തെളിവായി മാറി ജൂബിലി ആഘോഷങ്ങളെല്ലാം. ആറ് ക്രൈസ്തവ സഭാ തലവന്മാരുടെ സാന്നിധ്യവും മറ്റ് സഹോദരി സഭകളിലെ മേലധ്യക്ഷന്മാരുടെ ആശംസകളേറ്റുവാങ്ങിയുമാണ് ഉജ്ജ്വല സമ്മേളനം സമാപിച്ചത്. സീറോ മലബാർ, സീറോമലങ്കര, യാക്കോബായ, മലബാർ സ്വതന്ത്രസുറിയാനി, പൗരസ്ത്യ കൽദായ സുറിയാനി, ക്‌നാനായ യാക്കോബായ സുറിയാനി സഭകളുടെ തലവന്മാരാണ് സമ്മേളത്തിൽ പാലാ രൂപതയുടെ പ്രതിനിധികളായെത്തിയ രണ്ടായിരത്തോളംവരുന്നവരെ അഭിസംബോധന ചെയ്തത്. സിബിസിഐ പ്രസിഡന്റും സമ്മേളനത്തിൽ പങ്കെടുത്തു. ഓർത്തഡോക്‌സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനാധിപനും സമ്മേളനത്തിലെത്തി ആശംസകൾ നേർന്നു. സീറോ മലബാർ സഭയിലെ വിവിധ രൂപതാധ്യക്ഷന്മാർക്കൊപ്പം പാലാ രൂപത തിരുസഭയ്ക്ക് സമ്മാനിച്ച മെത്രാന്മാരും സമ്മേളനത്തിലെത്തിയിരുന്നു.
- വൈദികസമ്പത്തിൽ തിളങ്ങിയ തിരുകർമ്മങ്ങൾ
പാലാ : ദൈവവിളിയുടെ വിളനിലമെന്ന വിശേഷണത്തിലൂടെ ലോകമാകെ അറിയപ്പെടുന്ന പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലാകെ രൂപതയുടെ വൈദിക സമ്പത്താൽ സമ്പന്നമായിരുന്നു. സമാപനാഘോഷങ്ങൾക്ക് തുടക്കമിട്ട് നടന്ന വിശുദ്ധ കുർബാനയിൽ രൂപതാംഗങ്ങളായ നാനൂറോളം വൈദികരാണ് പങ്കെടുത്തത്. അഞ്ഞൂറോളം വൈദികരാണ് രൂപതയുടെ വിവിധ കർമ്മമേഖലകളിൽ സുവിശേഷ സാക്ഷ്യം സമ്മാനിക്കുന്നത്. രൂപതയിൽ നിന്ന് 40 മെത്രാന്മാർ സഭയിൽ വിവിധ രൂപതകളിലും ദേശങ്ങളിലുമായി സേവനം സമ്മാനിക്കുന്നുണ്ട്.
- കാറിന്റെ ഡോർ തട്ടി തെറിച്ച് റോഡിൽ വീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു
കോട്ടയം: മാന്നാനം: ഇന്ന് രാവിലെ 10.30 നു നാട്ടകം സിമന്റ് കവല ഭാഗത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അശ്രദ്ധമായി തുറക്കുന്നതിനിടയിൽ ഇതുവഴി എത്തിയ ബൈക്കിൽ കാർ തട്ടി, തുടർന്ന് ബൈക്ക് റോഡരികിലെ ടാങ്കർ ലോറിയ്ക്ക് അടിയിലേയ്ക്കു വീഴുകയായിരുന്നു. തുടർന്ന് ടാങ്കർ ലോറിയുടെ അടിയിൽ വീണ ഇദ്ദേഹത്തിന്റെ കാലിലൂടെ ടാങ്കറിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ഉടൻ തന്നെ നാട്ടുകാർ നാട്ടകം മുട്ടത്തെ അഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസ് വിളിച്ചു വരുത്തി. തുടർന്ന് ഇദ്ദേഹത്തെ ഭാരത് ആശുപത്രിയിൽ എത്തിച്ചു. എം.സി റോഡിൽ അശ്രദ്ധമായി തുറന്ന കാറിന്റെ ഡോർ തട്ടി റോഡിൽ വീണതിനെ തുടർന്ന് ടാങ്കർ ലോറി കയറി പരിക്കേറ്റ് ചികിത്സയിലായിരുന്ന മാന്നാനം സ്വദേശി മരിച്ചു. മാന്നാനം തടത്തിൽ ചെല്ലപ്പൻ്റെ മകൻ സുനിൽ കുമാർ (57) ആണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ സുനിൽകുമാർ കോട്ടയം ഭാരത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാരതാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇദ്ദേഹത്തിൻറെ മരണം സംഭവിച്ചത്.
- പാലോട് രവിയുടെ പരാമർശത്തിൽ ഉചിതമായ നടപടിയെടുക്കും; സണ്ണി ജോസഫ്
പാലോട് രവിയുടെ പരാമർശത്തിൽ ഉചിതമായ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബ്ദ സന്ദേശം ആരും നിഷേധിച്ചിട്ടില്ലെന്നും പാലോട് രവിയോട് സംസാരിച്ചെങ്കിലും, വിശദീകരണം ചോദിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇതുകൊണ്ടൊന്നും തകരുന്നതല്ല കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യമെന്ന് സണ്ണി ജോസഫ് പറഞ്ഞു. നടപടി പരിഗണനയിലാണോ എന്ന ചോദ്യത്തിന് വിഷയം പരിഗണനയിലെന്നാണ് കെപിസിസി മറുപടി നൽകിയത്. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നും ഫോൺ സംഭാഷണത്തിൽ പാലോട് രവി പറയുന്നുണ്ട്.
- നാസയിലെ കൂട്ടരാജി; ഭാവി പദ്ധതികൾക്ക് തിരിച്ചടി
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയെ ആശങ്കയിലാഴ്ത്തി ജീവനക്കാർ കൂട്ടത്തോടെ രാജിവെക്കുന്നു. ‘ഡെഫേഡ് റെസിഗ്നേഷൻ പ്രോഗ്രാം’ (Deferred Resignation Program) വഴി ഏകദേശം 3,870 ജീവനക്കാരാണ് ഏജൻസി വിടാൻ തയ്യാറെടുക്കുന്നത്. 2025-ൽ ആരംഭിച്ച ഈ പദ്ധതി, ട്രംപ് ഭരണകൂടത്തിന് സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ. കൂട്ടരാജി പ്രാബല്യത്തിൽ വരുന്നതോടെ നാസയിലെ സിവിൽ സർവീസ് ജീവനക്കാരുടെ എണ്ണം ഏകദേശം 14,000 ആയി കുറയും. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉൾപ്പെടെ നിരവധി പുതിയ പദ്ധതികൾക്ക് നാസ തയ്യാറെടുക്കുന്ന ഈ നിർണായക ഘട്ടത്തിൽ ജീവനക്കാരുടെ കൂട്ടരാജി വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഇത് നാസയുടെ ഭാവി ദൗത്യങ്ങളെയും അമേരിക്കയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ മുന്നേറ്റത്തെയും കാര്യമായി ബാധിക്കുന്നു. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ ഈ ഒഴുക്ക് സുപ്രധാന പദ്ധതികൾക്ക് തിരിച്ചടിയാകാനുള്ള സാധ്യത ഏറെയാണ്.
- ‘സ്കൂളുകളിൽ സുരക്ഷാ പ്രോട്ടോകോൾ നടപ്പാക്കണം; സുരക്ഷാ ഓഡിറ്റ് നടത്തണം’; കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
സ്കൂളുകളിൽ സുരക്ഷാ പ്രോട്ടോകോൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കെട്ടിടങ്ങളുടെ കാലപ്പഴക്കം കാരണം അപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഇടപെടൽ. രാജ്യത്തെ എല്ലാ സ്കൂളുകളിലും സുരക്ഷാ ഓഡിറ്റ് നടത്തണമെന്നാണ് നിർദേശം. സ്കൂളുകളിൽ സുരക്ഷ വർധിപ്പിക്കാൻ അഞ്ച് കർമ പദ്ധതികൾ നടപ്പിലാക്കണമെന്ന് നിർദേശം നൽകി.
- ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. നിലവിൽ പൊലീസ് അന്വേഷണവും വകുപ്പ് തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട . സിഎൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. കണ്ണൂരിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് പ്രത്യേക അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തത്.












