പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലണ്ടിലെ ഗാര്‍ഗ്രേവിലാണ് വിശുദ്ധ റോബര്‍ട്ട് ജനിച്ചത്. പാരീസിലെ സര്‍വ്വകലാശാലയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ റോബര്‍ട്ട് പൗരോഹിത്യപട്ടം സ്വീകരിക്കുകയും, ഗാര്‍ഗ്രേവിലെ ഇടവക വികാരിയാവുകയും ചെയ്തു. 1132-ല്‍ അദ്ദേഹം ഇംഗ്ലണ്ടിലെ വിറ്റ്‌ബിയിലെ ആശ്രമത്തിലെ സന്യാസിയായി. 1137-ല്‍ മോര്‍പെത്തിലെ പ്രഭുവായിരുന്ന റെയ്നൂള്‍ഫ് ഫൌണ്ടന്‍സിലെ ആശ്രമത്തിലെ സന്യാസിമാരുടെ ജീവിതത്തില്‍ ആകൃഷ്ടനായി നോര്‍ത്തമ്പര്‍ലാന്‍ഡില്‍ അവര്‍ക്കായി ന്യൂമിന്‍സ്റ്റര്‍ എന്ന് പേരായ മറ്റൊരു ആശ്രമവും പണികഴിപ്പിച്ചു.
വിശുദ്ധ റോബര്‍ട്ടായിരുന്നു അവിടത്തെ ആശ്രമാധിപതിയായത്. അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയും, നിര്‍ദ്ദേശങ്ങളും തന്റെ സഹോദര സന്യാസിമാരെ പൂര്‍ണ്ണതയിലേക്കെത്തിക്കുകയും, അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഈ ഭവനത്തില്‍ നിന്നും മൂന്ന്‍ സമൂഹങ്ങള്‍ കൂടി ഉണ്ടാവുകയും, ഈ ആശ്രമം വിശുദ്ധിയുടെ കേന്ദ്രമായി മാറുകയും ചെയ്തു. കൂടാതെ 1143-ല്‍ പൈപ്‌വെല്ലിലും, 1147-ല്‍ റോച്ചെയിലും, 1148-ല്‍ സാവ്‌ലിയിലുമായി മൂന്ന്‍ ആശ്രമങ്ങള്‍ കൂടി വിശുദ്ധന്‍ സ്ഥാപിച്ചു.
വിശുദ്ധ റോബര്‍ട്ട് അദ്ദേഹത്തിന്റെ ദയ, വിശുദ്ധി, ആഴമായ ആത്മീയത തുടങ്ങിയ കാരണങ്ങളാല്‍ വളരെയേറെ അറിയപ്പെട്ടിരുന്നു. അദ്ദേഹം പ്രാര്‍ത്ഥനയില്‍ ശക്തമായി ആശ്രയിക്കുകയും, അതില്‍ മുഴുകുകയും ചെയ്തു. കൂടാതെ ഒരു ആത്മീയ എഴുത്ത്കാരനും, പിശാച് ബാധയൊഴിപ്പിക്കുന്നവനുമായിരുന്നു വിശുദ്ധന്‍.
ഒരു ഈസ്റ്റര്‍ ദിനത്തില്‍ നോമ്പിലെ ഉപവാസം കാരണം വിശുദ്ധന്റെ ഉദരം ക്ഷയിക്കുകയും വളരെ ക്ഷീണിതനാകുകയും ചെയ്തു. അവസാനം വിശുദ്ധന്‍ തേനില്‍ അപ്പം മുക്കി കഴിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ആ ഭക്ഷണം വരുന്നതിനു മുന്‍പ് വിശുദ്ധന്‍ തന്റെ തീരുമാനം മാറ്റുകയും അതില്‍ തൊടുകപോലും ചെയ്യാതെ അത് പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്തു. 1159 ജൂണ്‍ 7ന് വിശുദ്ധന്‍ മരിക്കുന്നത് വരെ അദ്ദേഹവും, അദ്ദേഹത്തിന്റെ സന്യാസിമാരും താമസിച്ചിരുന്ന ന്യൂമിന്‍സ്റ്റര്‍ ആശ്രമത്തിന്റെ പേരും വിശുദ്ധ റോബര്‍ട്ട് തന്റെ നാമത്തോടൊപ്പം ചേര്‍ത്തു.













