1347-ല്‍ സിയന്നായില്‍ ജയിംസ് ബെനിന്‍കാസാ-ലാപാക്ക് ദമ്പതികളുടെ 6 മക്കളിലൊരുവളായാണ് വിശുദ്ധ കാതറീന് ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ സ്വകാര്യ പ്രതിജ്ഞയിലൂടെ അവള് തന്റെ കന്യകാത്വം ദൈവത്തിനായി സമര്‍പ്പിച്ചു. അവളുടെ പ്രായത്തിലുള്ള മറ്റ് കുട്ടികളില്‍ കാണാത്തവിധത്തിലുള്ള നന്മയും, ഭക്തിയും അവളില്‍ പ്രകടമായിരിന്നു. കാതറിന് 12 വയസ്സായപ്പോള്‍ തന്നെ അവളെ വിവാഹം കഴിപ്പിക്കുവാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു.
ഏകാന്തജീവിതത്തെ പറ്റിയുള്ള ചിന്തയില്‍ നിന്നും, ഭക്തിയില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി അവളുടെ മാതാപിതാക്കള്‍ ഏറെ ശ്രമം നടത്തി. അതേ തുടര്‍ന്നു അതുവരെ അവള് താമസിച്ചു വന്നിരുന്ന ചെറിയ മുറിയില്‍ നിന്നും അവളെ മാറ്റുകയും, കഠിനമായ ജോലികള്‍ അവളെ ചെയ്യിപ്പിക്കാനും തുടങ്ങി. കഠിനമായ ജോലികളും, തന്റെ സഹോദരിമാരുടെ കളിയാക്കലുകളും, അപമാനങ്ങളും വിശുദ്ധ വളരെയേറെ സമചിത്തതയോടെ നേരിട്ടു.
ഒരിക്കല്‍ തന്റെ സഹോദരിമാരുടേയും, കൂട്ടുകാരികളുടേയും നിര്‍ബന്ധത്തിനു വഴങ്ങി വിശുദ്ധ പരിഷ്കൃതമായ വസ്ത്രം ധരിച്ചു. എന്നാല്‍ പിന്നീട് വിശുദ്ധ അതില്‍ പശ്ചാത്തപിക്കുകയും തന്റെ ജീവിതകാലം മുഴുവനും ആ പശ്ചാത്താപത്താപം നിറഞ്ഞ മനസ്സില്‍ ജീവിക്കുകയും ചെയ്തു. തന്റെ മൂത്ത സഹോദരിയായ ബെനവന്തൂരയുടെ മരണത്തോടെ വിശുദ്ധയുടെ പിതാവ് അവളുടെ ഭക്തിപരമായ ജീവിതത്തെ പിന്തുണക്കുവാന് തുടങ്ങി. അവള് പാവങ്ങളെ സഹായിക്കുകയും, രോഗികളെ ശുശ്രൂഷിക്കുകയും, തടവ് പുള്ളികളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. വേവിച്ച വെറും ഇലകളായിരുന്നു വിശുദ്ധയുടെ ഭക്ഷണം. അവളുടെ വസ്ത്രമാകട്ടെ വെറും പരുക്കന്‍ രോമക്കുപ്പായവും, കിടക്കയാകട്ടെ വെറും തറയും.
1365-ല്‍ തന്റെ 18-മത്തെ വയസ്സില്‍ കാതറിന് വിശുദ്ധ ഡൊമിനിക്കിന്റെ മൂന്നാം സഭയില്‍ ചേര്‍ന്നുകൊണ്ട് സന്യാസ വസ്ത്രം സ്വീകരിച്ചു. കന്യകാമഠത്തിലെ തന്റെ ഇടുങ്ങിയ മുറി വിശുദ്ധയുടെ സ്വര്‍ഗ്ഗമായി തീര്‍ന്നു. മൂന്ന് വര്‍ഷത്തോളം ദൈവത്തോടും തന്റെ കുമ്പസാരകനോടുമൊഴികെ ആരുമായും അവള് സംസാരിച്ചിരുന്നില്ല. ഇതിനിടെ സാത്താന്റെ നിരവധി പരീക്ഷണങ്ങളും പ്രലോഭനങ്ങളും അവള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവയെല്ലാം വിശുദ്ധ തന്റെ രക്ഷകന്റെ സഹായത്തോടെ നേരിട്ടു. പാവങ്ങളോടുള്ള വിശുദ്ധയുടെ കാരുണ്യത്തിനു നിരവധി അത്ഭുതങ്ങള്‍ വഴി ദൈവം അവള്‍ക്ക് പ്രതിഫലം നല്കി. ചിലപ്പോള്‍ അവളുടെ കയ്യിലുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഇരട്ടിപ്പിച്ചു കൊണ്ടും മറ്റ് ചിലപ്പോള്‍ പാവങ്ങള്‍ക്കായുള്ള ചോളം, എണ്ണ തുടങ്ങിയ അവശ്യസാധനങ്ങള്‍ ചുമക്കുവാനുള്ള കഴിവ് അവള്‍ക്ക് നല്കികൊണ്ടും ദൈവം ഇടപെട്ടു.
വിശുദ്ധയുടെ അസാധാരണമായ കാരുണ്യം നിരവധി പാപികളെ മാനസാന്തരപ്പെടുത്തുവാന്‍ കാരണമായി. പിയൂസ് രണ്ടാമന് പാപ്പാ വിശുദ്ധ കാതറിനെ പറ്റി പറഞ്ഞത് ഇങ്ങനെയാണ്, ”വിശുദ്ധയെ സമീപിക്കുന്ന ആരും തന്നെ മാനസാന്തരപ്പെടാതെ പോയിട്ടില്ല”.
1374-ല്‍ ഒരു പകര്‍ച്ചവ്യാധി അവള് താമസിച്ചിരിന്ന നഗരത്തെയാകെ പിടികൂടിയപ്പോള്‍ വിശുദ്ധ കാതറീന് രോഗബാധിതരായവരെ സേവിക്കുവാന്‍ തന്നെ തന്നെ സമര്‍പ്പിക്കുകയും നിരവധി പേരെ സുഖപ്പെടുത്തുകയും ചെയ്തു. വിശുദ്ധയെ കാണുവാനും, വിശുദ്ധ പറയുന്നത് കേള്‍ക്കുവാനും രാജ്യത്തെ ദൂര സ്ഥലങ്ങളില്‍ നിന്നും പോലും നിരവധി ആളുകള്‍ എത്തി തുടങ്ങി.
നിരവധി ആളുകള്‍ക്ക് വിശുദ്ധ കാതറിന് ശാരീരികമായ ആരോഗ്യവും, ആത്മീയ സൗഖ്യവും നല്കി. വിശുദ്ധ മാനസാന്തരപ്പെടുത്തിയ ആളുകളെ ഒരു നല്ല ജീവിതത്തിലേക്ക് കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെ അവരെ കുമ്പസാരിപ്പിക്കുന്നതിനായി ഗ്രിഗറി പതിനൊന്നാമന്‍ പാപ്പാ കാപുവായിലെ വിശുദ്ധ റെയ്മണ്ടിനേയും, മറ്റ് രണ്ട് ഡൊമിനിക്കന്‍ സന്യാസിമാരേയും സിയന്നായില്‍ നിയമിക്കുകയുണ്ടായി.
നല്ലൊരു ജീവിതമാതൃക നല്‍കിയതിനു പുറമേ സംവാദരൂപത്തിലുള്ള ആറോളം പ്രബന്ധങ്ങള്‍ വിശുദ്ധ നമുക്കായി അവശേഷിപ്പിച്ചിട്ടുണ്ട്. അവള് എഴുതിയിട്ടുള്ള ഏതാണ്ട് 364-ഓളം കത്തുകളില്‍ നിന്നും വിശുദ്ധ ഒരു അസാധാരണ പ്രതിഭയായിരുന്നുവെന്ന കാര്യം നമുക്ക് മനസ്സിലാക്കാവുന്നതാണ്. 1380 ഏപ്രില്‍ 29ന് തന്റെ 33-മത്തെ വയസ്സില്‍ റോമില്‍ വെച്ച് വിശുദ്ധ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.













