പാക്കിസ്ഥാനില്‍ അറസ്റ്റിലായ ഇരട്ട ക്രൈസ്തവ സഹോദരങ്ങള്‍ക്കു നേരെയുള്ള മതനിന്ദ കേസ് വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നു ഇരുവര്‍ക്കും മോചനം. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാൽ, തെറ്റായ ദൈവനിന്ദ ആരോപണത്തിൽ നിന്ന് പാകിസ്ഥാനിലെ കസൂർ അഡീഷണൽ സെഷൻസ് ജഡ്ജി ഫർസാന ഷഹ്സാദ് ഇവരെ വെറുതെവിടുകയായിരിന്നു.
18 വയസ്സുള്ള സാഹിൽ ഷാഹിദ് , റഹീൽ ഷാഹിദ് എന്നിവര്‍ക്കാണ് വിചാരണയില്‍ മോചനം ലഭിച്ചതെന്ന് അഭിഭാഷകൻ ജാവേദ് സഹോത്ര പറഞ്ഞു. പഞ്ചാബ് പ്രവിശ്യയിലെ കസൂർ ജില്ലയിലെ ഖുലേ വാല ഗ്രാമത്തിലെ സഹോദരങ്ങൾ ഖുറാന് അവഹേളിച്ച് മതനിന്ദ നടത്തിയെന്നായിരിന്നു കേസ്. കഴിഞ്ഞ ഓഗസ്റ്റ് 27 ന് ഖുർആനിൻ്റെ പേജുകൾ കീറിയെന്നാരോപിച്ച് ഷാഹിദ് സഹോദരന്മാരെ അറസ്റ്റ് ചെയ്തു മതനിന്ദ കുറ്റം ചുമത്തുകയായിരിന്നു.













