പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ, ഇന്നും സഭയിൽ എത്താതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി നേരിട്ട് സഭയിലെത്തി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം. പ്രതിഷേധം കനത്തതോടെ ലോക്സഭ ഉച്ചയ്ക്ക് രണ്ട് മണി വരെയും രാജ്യസഭ 12 മണി വരെയും നിർത്തിവെച്ചു.
അതേസമയം, രാവിലെ സഭ സമ്മേളിക്കുന്നതിന് മുന്നോടിയായി പാർലമെന്റ് കവാടത്തിൽ ഭരണ-പ്രതിപക്ഷ എം.പിമാർ തമ്മിൽ കടുത്ത ഉന്തും തള്ളുമുണ്ടായി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മുദ്രാവാക്യങ്ങളുമായി എൻ.ഡി.എ അംഗങ്ങളും, ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ അംഗങ്ങളും മുഖാമുഖമെത്തിയതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. സ്ഥിതിഗതികൾ കൈവിട്ടുപോകാതിരിക്കാൻ ഇരു വിഭാഗങ്ങൾക്കും ഇടയിൽ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷാവലയം തീർക്കുകയായിരുന്നു.















