കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർക്ക് (UUC) വോട്ടിനായി എസ്.എഫ്.ഐ പണം വാഗ്ദാനം ചെയ്തതായി എം.എസ്.എഫ് ആരോപണം. എം.എസ്.എഫ് പ്രവർത്തകനായ യു.യു.സിക്ക് പണം നൽകാൻ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദിൽ സമ്മതിക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
തൃക്കലങ്ങോട് ശ്രീശാസ്ത കോളേജിലെ എം.എസ്.എഫ് യു.യു.സിക്കാണ് 30,000 രൂപ വാഗ്ദാനം ചെയ്തത്. വോട്ട് മാറി കുത്തിയാൽ ഉണ്ടാകുന്ന എന്ത് പ്രശ്നവും പാർട്ടി ഏറ്റെടുക്കുമെന്ന് എസ്.എഫ്.ഐ നേതൃത്വം ഉറപ്പുനൽകിയതായും ഓഡിയോ സന്ദേശത്തിലുണ്ട്. മറ്റ് കോളേജുകളിലെ യു.യു.സികൾക്കും സമാനമായ രീതിയിൽ എസ്.എഫ്.ഐ പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് എം.എസ്.എഫ് ആരോപിച്ചു.
എന്നാൽ ഈ ആരോപണങ്ങൾ എസ്.എഫ്.ഐ പൂർണ്ണമായി നിഷേധിച്ചു. ആർക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും, വോട്ട് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും എസ്.എഫ്.ഐ നേതൃത്വം വിശദീകരിച്ചു. തിരഞ്ഞെടുപ്പ് വേളയിൽ ഉണ്ടാക്കുന്ന വ്യാജ ആരോപണമാണിതെന്നും അവർ കൂട്ടിച്ചേർത്തു















