കുട്ടികള്‍ക്കിടയിലെ മൊബൈൽ ഫോൺ അടിമത്തത്തിനെതിരെ സന്ദേശവുമായി ലെയോ പാപ്പ. ഭക്ഷണസമയത്തും കുടുംബാംഗങ്ങൾ ഒത്തുചേരുമ്പോഴും മൊബൈൽ ഫോണുകൾ മാറ്റിവെച്ച് പരസ്പരം സംസാരിക്കാൻ ശീലിക്കണമെന്നും കുട്ടികളോട് പാപ്പയുടെ ആഹ്വാനം. വത്തിക്കാനിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽക്കാല ക്യാമ്പായ ‘എസ്താത്തെ റഗാത്സി’ സന്ദർശിച്ച്
കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരിന്നു പാപ്പ. ആധുനിക കാലത്തെ ഡിജിറ്റൽ ലോകത്തെ വെല്ലുവിളികളെക്കുറിച്ചും മനുഷ്യബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുമായി പാപ്പ ഹൃദ്യമായി സംവദിച്ചു. ബന്ധങ്ങളുടെ പ്രാധാന്യത്തെ എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പ സംസാരിച്ചത്. ഡിജിറ്റൽ ലോകത്ത് നിന്ന് എങ്ങനെ മുക്തി നേടാം എന്ന ഫെദറിക്കോ എന്ന ബാലന്റെ ചോദ്യത്തിന്, “നമ്മൾ മനുഷ്യരാണ്, അല്ലാതെ ടെക്നോ-റോബോട്ടുകളല്ല,”
എന്ന് ആമുഖമായി പറഞ്ഞ പാപ്പ, സാങ്കേതികവിദ്യ നല്ലതാണെങ്കിലും അത് നമ്മെ അടിമകളാക്കാൻ അനുവദിക്കരുതെന്നും കൂട്ടിച്ചേർത്തു. ഭക്ഷണസമയത്തും കുടുംബാംഗങ്ങൾ ഒത്തുചേരുമ്പോഴും മൊബൈൽ ഫോണുകൾ മാറ്റിവെച്ച് പരസ്പരം സംസാരിക്കാൻ ശീലിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു. ദൈവം നമ്മുടെ സ്ക്രീനുകളിലേക്കല്ല, മറിച്ച് നമ്മുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നതെന്ന് പാപ്പ കുട്ടികളെ ഓർമ്മിപ്പിച്ചു.















