ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനും ആവേശത്തിനും നിറം പകർന്നു കൊണ്ട് ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ ഫിഫ ലോകകപ്പിന്റെ സന്ദേശവും ആവേശവും
പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കോളേജ് ക്യാമ്പസിൽ നിന്ന് 2:30 ന് ആരംഭിക്കുന്ന ജാഥ രാമപുരം ടൗണിലൂടെ കടന്നുപോകും. വിവിധ രാജ്യങ്ങളുടെ പതാകകളും, ജേഴ്‌സികളും ധരിച്ച് നൂറുകണക്കിന് വിദ്യാർത്ഥികൾ ജാഥയിൽ അണിനിരക്കും. ഫുട്ബോളിനോടുള്ള യുവജനങ്ങളുടെ അഭിനിവേശം പ്രകടമാക്കുന്നതിനൊപ്പം കായിക സംസ്കാരവും കായികമൂല്യങ്ങളും പ്രോത്സാഹിപ്പിക്കുകയെന്ന സന്ദേശവും ജാഥ മുന്നോട്ടുവയ്ക്കും.
കോളേജ് സ്റ്റാഫ് അംഗങ്ങൾ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും. എല്ലാ ഫുട്ബോൾ പ്രേമികൾക്കും പ്രദേശവാസികൾക്കും ജാഥയിൽ പങ്കുചേരാനും ലോകകപ്പ് ആഘോഷത്തിന്റെ ഭാഗമാകാനും അവസരമുണ്ട് .
8 അടി ഉയരത്തിൽ വലിയ ട്രോഫിയും ഇതിനായി കോളേജ് യൂണിയൻ മുൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ ടി ജെ യുടെ നേതൃത്വത്തിൽ തയാറാക്കിയിട്ടുണ്ട്. യൂണിവേഴ്സിറ്റി കലാലോത്സവത്തിൽ ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും രണ്ട് എ ഗ്രെയ്‌ഡും ഉൾപ്പടെ അനവധി സമ്മാനങ്ങൾ കരസ്ഥമാക്കി കോളേജിന്റെ അഭിമാനായ ശ്രാവൺ ഒരു മികച്ച കലാകാരൻ കൂടിയാണ് .
ഫുട്ബോളിന്റെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ വിളംബര ജാഥ രാമപുരത്തും പരിസര പ്രദേശങ്ങളിലും ലോകകപ്പ് ആവേശത്തിന് തുടക്കമാകുമെന്ന് സംഘാടകർ അറിയിച്ചു.
കോളേജ് മാനേജർ റവ ഫാ ബർക്കുമാൻസ് കുന്നുംപുറം ജാഥ ഫ്ലാഗ് ഓഫ് ചെയ്യും. കേരള ഗവ: ചീഫ് വിപ്പ് അപു ജോൺ ജോസഫ് വിശിഷ്ടാതിഥിയായിരിക്കും. പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ , രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശാന്താറാം എന്നിവർ സന്ദേശം നൽകും.















