അതൊരു പണിശാലയായിരുന്നു. ഒരു പാമ്പ് രാത്രി ഇഴഞ്ഞെത്തി. പാമ്പിന്റെ ശരീരത്തില്‍ എന്തോ തട്ടി. വേദനയും ദേഷ്യവും കൊണ്ട് പാമ്പ് പത്തിവിടര്‍ത്തി. തന്നെ ഉപദ്രവിച്ച വസ്തുവിനെ ആഞ്ഞാഞ്ഞ് കൊത്തി. എന്നിട്ടും പക തീരാതെ ചുറ്റിവരിഞ്ഞു. രാവിലെ ആളുകള്‍ പണിശാലയിലെത്തിയപ്പോള്‍ കണ്ടത്, അരിവാളില്‍ ചുറ്റിവരിഞ്ഞ് ദേഹം നിറയെ മുറിവുകളുമായി ചത്തുപോയ പാമ്പിനെയായിരുന്നു. പ്രതികരണങ്ങള്‍ രണ്ടുവിധത്തിലാകാം. വികാരം കൊണ്ടും വിചാരം കൊണ്ടും. വികാരം കൊണ്ട് പ്രതികരിക്കുന്നവര്‍ എന്തിനെയാണ് എതിര്‍ക്കുന്നതെന്നോ എന്തിനാണ് എതിര്‍ക്കുന്നതെന്നോ ചിന്തിക്കാന്‍ നില്‍ക്കാറില്ല. അപ്പോഴുണ്ടാകുന്ന അഹംബോധത്തെ തൃപ്തിപ്പെടുത്തുക എന്നതുമാത്രമാണ് അത്തരക്കാരുടെ ഉദ്ദേശം. ചിന്തിച്ചു ഉത്തരം നല്‍കുന്നവര്‍, പരിഗണന അര്‍ഹിക്കുന്നവയെക്കുറിച്ചു മാത്രമേ ആലോചിക്കൂ.. ഒരു മറുപടിയും നല്‍കാതിരിക്കുക എന്നത് പോലും നല്ലൊരു മറുപടിയാണെന്ന് അവര്‍ക്കറിയാം. വേദനിപ്പിക്കുന്നവര്‍ക്കെല്ലാം തത്തുല്യമായ വേദന സമ്മാനിക്കാനുള്ള ശ്രമത്തിന് ചില പ്രശ്‌നങ്ങളുണ്ട്. പ്രതിക്രിയകള്‍ ഒരിക്കലും അവസാനിക്കില്ല. നമുക്ക് വിചാരം കൊണ്ട് പ്രതികരിക്കാന്‍ ശീലിക്കാം – ശുഭദിനം.