പുണെ ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി20 മത്സരത്തിലെ ഫീൽഡിങ്ങിനിടെ പരുക്കേറ്റ സഞ്ജു സാംസണ് പരമ്പരയിലെ രണ്ടു മത്സരങ്ങളും നഷ്ടമാകും. കാൽമുട്ടിനു പരുക്കേറ്റ സഞ്ജുവിനോടു സ്കാനിങ്ങിനും പരിശോധനകൾക്കുമായി മുംബൈയിൽത്തന്നെ തുടരാൻ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടു.
സഞ്ജുവിനു പകരം രാഹുൽ ത്രിപാഠി അരങ്ങേറ്റ മത്സരം കളിക്കാനാണു സാധ്യത. ത്രിപാഠി ടീമിനൊപ്പമുണ്ട്. യുവതാരം ജിതേഷ് ശർമയെ സഞ്ജുവിനു പകരക്കാരനായി ടീമിൽ ഉള്‍പ്പെടുത്തിയതായി ബിസിസിഐ അറിയിച്ചിട്ടുണ്ട്. പക്ഷേ ജിതേഷിനെ കളിപ്പിക്കുമോയെന്ന് ഉറപ്പില്ല. മുംബൈയില്‍ നടന്ന ആദ്യ ട്വന്റി20യിൽ സഞ്ജുവിനു ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. ആറു പന്തുകൾ നേരിട്ട താരം അഞ്ച് റണ്‍സ് മാത്രമെടുത്തു പുറത്തായി.
പരുക്കേറ്റ സാഹചര്യത്തിൽ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി ഇനി എന്നു താരം കളിക്കാനിറങ്ങുമെന്നും വ്യക്തതയില്ല. കേരള ടീമിന്റെ ക്യാപ്റ്റനാണു സഞ്ജു. സഞ്ജു സാംസണിന്റെ അഭാവത്തിൽ സിജോമോൻ ജോസഫാണ് രഞ്ജി ട്രോഫിയിൽ ഗോവയ്ക്കെതിരായ മത്സരത്തിൽ കേരളത്തെ നയിക്കുന്നത്.