യേശുക്രിസ്‌തുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയം, ക്രൈസ്‌തവർക്ക്, പ്രത്യേകിച്ച് കത്തോലിക്കാവിശ്വാസികൾക്ക് ഏറെ പ്രിയപ്പെട്ട അമ്മയാണ്.
431-ൽ എഫേസൂസിൽ വച്ച് നടത്തപ്പെട്ട എക്യൂമെനിക്കൽ കൗൺസിൽ അവളെ Theotókos, ദൈവമാതാവ് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ദൈവവും മനുഷ്യനുമായ യേശുവിന്റെ അമ്മയാണ് എന്നതിനാലാണ് അവൾ ദൈവമാതാവെന്ന് വിളിക്കപ്പെടുന്നത്.
അവളിലൂടെയാണ് രക്ഷകനായ ക്രിസ്‌തു ഈ ഭൂമിയിലേക്ക് കടന്നുവന്നത് എന്ന സത്യം നമുക്ക് മറക്കാനോ അവഗണിക്കാനോ സാധിക്കില്ല. പൂർണ്ണമായ ഒരു സമർപ്പണത്തിന്റെ മാതൃക കൂടിയാണ് മറിയം. വചനമായ ദൈവം മാംസമായി, മനുഷ്യനായി പിറക്കുന്നത് അവളിലൂടെയാണ്. ദൈവദൂതനിലൂടെ അറിയിക്കപ്പെട്ട ദൈവഹിതത്തിനായി തന്റെ ശരീരവും ഹൃദയവും ജീവിതവും മനസ്സും പൂർണ്ണമായി അവൾ സമർപ്പിക്കുന്നുവെന്ന് തിരുവചനത്തിലൂടെ നമ്മൾ മനസ്സിലാക്കുന്നുണ്ട്.