🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മെയ് 11, 2023 വ്യാഴം 1198 മേടം 27
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
വാർത്തകൾ
🗞🏵 പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണിൽ അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, പത്നി ജിൽ ബൈഡൻ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നും ജൂൺ 22-ന് വൈറ്റ് ഹൗസിൽ നടക്കുന്ന വിരുന്ന് സത്കാരത്തിൽ പങ്കെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
🗞🏵 അധ്യാപകന്റെ കുത്തേറ്റു കൊല്ലപ്പട്ട വനിതാ ഡോക്ടർ ഡോ.വന്ദനാ ദാസിന്റെ മൃതദേഹം ജന്മനാടായ കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വസതിയിലെത്തിച്ചു. രാത്രി എട്ടു മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വീട്ടുമുറ്റത്ത് തയാറാക്കിയ പ്രത്യേക പന്തിലിലാണ് പൊതുദർശനം. വൻ ജനാവലിയാണ് വന്ദനയെ അവസാനമായി കാണുന്നതിന് എത്തുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടു വളപ്പിലാണ് സംസ്കാരം.
🗞🏵 ആന്റിബയോട്ടിക്കുകൾ സ്വയം വാങ്ങിക്കഴിക്കുന്ന ഏർപ്പാട് ഇനി നടക്കില്ല. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിൽക്കില്ലെന്ന കടുത്ത നിലപാടിലേക്ക് മരുന്നുകടകളുമെത്തുന്നു. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ (എ.കെ.സി.ഡി.എ.) ഇതുസംബന്ധിച്ച് മരുന്നുകടയുടമകൾക്ക് കർശന നിർദേശം നൽകി.
🗞🏵 മലയാള സിനിമാ മേഖലയിൽ വിദേശത്തു നിന്നു വൻതോതിലുള്ള കള്ളപ്പണ നിക്ഷേപം വരുന്നതായുള്ള ഇന്റലിജൻസ് വിവരത്തെ തുടർന്നു ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) നടപടികൾ ശക്തമാക്കി. മലയാള സിനിമയിലെ 5 നിർമാതാക്കൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ഒരാൾ 25 കോടി രൂപ പിഴയടച്ചു. ബാക്കി 4 പേരെ ഇഡി ചോദ്യംചെയ്യും.
മലയാളത്തിലെ നടൻ കൂടിയായ നിർമാതാവ് വിദേശത്തു വൻതുക കൈപ്പറ്റിയതിന്റെ രേഖകൾ കേന്ദ്ര ഏജൻസികൾക്കു ലഭിച്ചിരുന്നു.
🗞🏵 എഐ കാമറ ഉപയോഗിച്ചുള്ള പിഴ ഈടാക്കൽ മരവിപ്പിച്ചത് ജൂണ്‍ നാലുവരെ നീട്ടാൻ തീരുമാനം. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിലെ തീരുമാന പ്രകാരം ജൂണ്‍ അഞ്ച് മുതൽ പിഴ ഈടാക്കും. ഇതിനായി സർക്കാർ ഉത്തരവ് ഇറക്കും.
🗞🏵 പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വസതിക്കുനേരെ മുൻ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അനുയായികളുടെ ആക്രമണം. ഷെഹ്ബാസിന്റെ ലാഹോറിലുള്ള വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയിൽ നിന്നുള്ള 500 ലധികം അക്രമികൾ ബുധനാഴ്ച പുലർച്ചെ പ്രധാനമന്ത്രിയുടെ മോഡൽ ടൗൺ ലാഹോറിലെ വസതിയിലെത്തി അവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീയിട്ടുവെന്ന് പോലീസ് പറഞ്ഞു.
🗞🏵 വൈദ്യപരിശോധനയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ഐഎംഎ. ഡോക്ടർ വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും സംഭവത്തിൽ വീഴ്ച വരുത്തിയ പൊലീസിനെതിരെ നടപടി വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. അക്രമം നടന്നാൽ ഒരു മണിക്കൂറിനുളളിൽ എഫ്ഐആർ തയ്യാറാക്കണമെന്നും ഐഎംഎ പറയുന്നു.
🗞🏵 യാത്രാ വാഹനങ്ങളിൽ കുട്ടികളും സീറ്റ് ബെൽറ്റ് നിർബന്ധമായും ഉപയോഗിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. കുട്ടികളുമായി യാത്ര ചെയ്യുന്നവർ വാഹനങ്ങളിൽ Child on Board എന്ന അറിയിപ്പ് പതിപ്പിക്കുകയും 13 വയസിൽ താഴെുള്ള കുട്ടികളെ നിർബന്ധമായും പിൻസീറ്റിലിരുത്തുകയും വേണം. രണ്ടു വയസിനു താഴെയുള്ള കുട്ടികൾക്ക് ബേബി സീറ്റ് ഘടിപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
🗞🏵 യുവ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി പൂയപ്പള്ളി സ്വദേശി ജി. സന്ദീപിനെ കോടതി റിമാൻഡ് ചെയ്തു. കൊട്ടാരക്കര ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സന്ദീപിനെ റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ് അനുവദിച്ചത്. ആംബുലൻസിൽ വീൽചെയറിലാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. റിമാൻഡ് ചെയ്ത സന്ദീപിനെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു.
🗞🏵 ഡോ. വന്ദനാ ദാസിനെ ആശുപത്രിയിൽ കുത്തിക്കൊലപ്പെടുത്തിയ പ്രതി ജി. സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. മന്ത്രി വി .ശിവൻകുട്ടിയുടെ നിർദേശപ്രകാരം വകുപ്പുതല അന്വേഷണം നടത്തിയാണ് സസ്പെൻഷൻ. കൊല്ലം നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് ജി.സന്ദീപ്. കൂടുതൽ തുടർനടപടികൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
🗞🏵 കർണാടകത്തിൽ രാഷ്ട്രീയ നാടകങ്ങൾക്ക് ഫസ്റ്റ് ബെൽ നൽകി എക്സിറ്റ്പോൾ ഫലങ്ങൾ. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ്പോളിൽ കോൺഗ്രസിനാണ് നേരിയ മുൻതൂക്കം. കോൺഗ്രസ് 94 മുതൽ 108 സീറ്റുകൾ വരെ നേടുമെന്ന് റിപ്പബ്ലിക് ടിവി പ്രവചിക്കുന്നു.
🗞🏵 യുവ വനിതാ ഡോക്ടർ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവത്തിൽ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്കുകള്‍ വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് ക്രൂരതയാണെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ദുരന്തമുഖത്തുപോലും വിവാദമുണ്ടാക്കാനുള്ള നികൃഷ്ട മനസാണ് ഇവിടെ വെളിവാകുന്നതെന്നും അവർ കുറ്റപ്പെടുത്തി. ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് എന്ത് ക്രൂരതയാണ്. അത് മാധ്യമങ്ങളുടെ തലപ്പത്തുള്ളവരും പ്രതിപക്ഷവും ചിന്തിക്കണം.
🗞🏵 മലപ്പുറം താനൂർ ബോട്ട് ദുരന്തം അന്വേഷിക്കുന്നതിനായി റിട്ട. ജസ്റ്റീസ് വി.കെ. മോഹനൻ ചെയർമാനായ മൂന്നംഗ ജുഡീഷൽ കമ്മീഷനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇൻലാൻഡ് വാട്ടർ വെയ്സ് അഥോറിറ്റി ഓഫ് ഇന്ത്യ റിട്ട. ചീഫ് എൻജീനിയർ നീലകണ്ഠൻ ഉണ്ണി, കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചീഫ് എൻജിനീയർ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ.
🗞🏵 ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം, മാനസിക വളർച്ചയില്ലായ്മ തുടങ്ങിയ അവസ്ഥകളിൽ 40 ശതമാനമോ അതിലധികമോ ഭിന്നശേഷിത്വമുള്ള കുട്ടികളുടെ മാതാപിതാക്കളായ സർക്കാർ ജീവനക്കാരിൽ ഒരാൾക്ക് ജോലി സമയത്തിൽ ഇളവു നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. സർക്കാർ ജീവനക്കാർക്കു നിലവിൽ അനുവദിച്ചിട്ടുള്ള ഇളവുകൾക്കു പുറമേ ഒരു മാസം ആകെയുള്ള ജോലി സമയത്തിൽ പരമാവധി 16 മണിക്കൂർ കൂടിയാണ് ഇത്തരം രക്ഷിതാക്കൾക്ക് ഇളവ് അനുവദിക്കുന്നത്.
🗞🏵 താനൂർ പൂരപ്പുഴ ബോട്ടപകടം ഫോറൻസിക് വിഭാഗം പരിശോധന നടത്തി. ഉച്ചക്കു പന്ത്രണ്ടരയോടെയാണ് പരിശോധന ആരംഭിച്ചത്. ഫോറൻസിക് ജോയിന്റ് ഡയറക്ടർ ആർ. റാഹില, മലപ്പുറം സയന്റിഫിക് ക്രൈംബ്രാഞ്ച് അംഗം ശ്രീക്കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
🗞🏵 വനിതാ താരങ്ങൾക്കുള്ള ദേശീയ ഗുസ്തി പരിശീലന ക്യാമ്പ് ഉത്തർ പ്രദേശിലെ ലക്നോവിൽ നിന്ന് പഞ്ചാബിലെ പാട്യാലയിലേക്ക് മാറ്റുമെന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) അറിയിച്ചു. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) തലവൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ ശക്തികേന്ദ്രമായ ലക്നോ മേഖലയിലെ സായ് ക്യാമ്പിൽ നടക്കുന്ന പരിശീലന സെഷനിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് നിരവധി വനിതാ താരങ്ങൾ അറിയിച്ചിരുന്നു.
🗞🏵 ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിനടുത്തെ ഉൾവനത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ തമിഴ്നാട് വനംവകുപ്പിന് തലവേദനയാകുന്നു. കേരള അതിർത്തിയിൽ നിന്നും തമിഴ്നാട്ടിലെ മേഘമല ഭാഗത്ത് ചുറ്റിത്തിരിഞ്ഞതോടെയാണ് തമിഴ്നാട് വനംവകുപ്പ് നിരീക്ഷണം ഊർജ്ജിതമാക്കിയത്. റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, മേഘമലയ്ക്കടുത്ത് ആനന്ദ് കാട് തേയിലത്തോട്ടത്തിലാണ് അരിക്കൊമ്പനെ കണ്ടെത്തിയത്. കൂടാതെ, ശ്രീവല്ലിപുത്തൂർ വനമേഖലയിൽ നിന്ന് അരിക്കൊമ്പൻ ചുറ്റിത്തിരിയുന്ന ദൃശ്യങ്ങൾ തൊഴിലാളികൾ പകർത്തിയിട്ടുണ്ട്.
🗞🏵 കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസ് വൈദ്യപരിശോധനയ്ക്കിടെ യുവ ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപ്പെടുത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊലപാതകം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു.
🗞🏵 കൊല്ലം കൊട്ടാരക്കരയില്‍ ചികിത്സയ്ക്കിടെ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കിംസ് ആശുപത്രിയിലേക്ക് നേരിട്ടെത്തി മുഖ്യമന്ത്രിയും ഗവര്‍ണറും. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഡോ.വന്ദന മരണത്തിന് കീഴടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രി വി എന്‍ വാസവന്‍ തുടങ്ങിയവരാണ് കിംസിലേക്ക് എത്തിയത്.
🗞🏵 രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾക്കെതിരെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) രംഗത്ത്. ജമ്മുകാശ്മീരിന് പിന്നാലെ, രാജസ്ഥാനിൽ വൻ തോതിൽ ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ടിനെ പൂർണമായും തള്ളിയിരിക്കുകയാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളാണ് പ്രചരിക്കുന്നതെന്ന് ജിഎസ്ഐ വ്യക്തമാക്കി.
🗞🏵 കര്‍ണാടകയിൽ വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷനും കനകപുരയിലെ പാർട്ടി സ്ഥാനാർത്ഥിയുമായ ഡികെ ശിവകുമാർ. യുവ വോട്ടർമാർക്ക് മാറ്റത്തിനായി വോട്ടുചെയ്യാൻ മികച്ച അവസരമുണ്ടെന്നും പാർട്ടി കുറഞ്ഞത് 141 സീറ്റുകളെങ്കിലും നേടി കേവല ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
🗞🏵 ജമ്മു കാശ്മീരിലെ പൂഞ്ചിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ ആരംഭിച്ചു. പ്രദേശത്ത് ഭീകരരുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചിട്ടുള്ളത്. അതേസമയം, പൂഞ്ച് മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉള്ളതായി പ്രദേശവാസികൾ ഇതിനോടകം സൈന്യത്തെ അറിയിച്ചിട്ടുണ്ട്.
🗞🏵 സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടമെടുത്ത തുക തിരിച്ചടയ്ക്കാൻ ശ്രീലങ്കയ്ക്ക് സാവകാശം നൽകി ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 100 കോടി ഡോളറിന്റെ വായ്പ കാലാവധി ഒരു വർഷത്തേക്കാണ് ഇന്ത്യ നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശദമായ ചർച്ചകൾക്ക് ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് ഇന്ത്യ എത്തിയത്. 2024 മാർച്ച് വരെയാണ് ശ്രീലങ്കയ്ക്ക് വായ്പ തിരിച്ചടക്കാനുള്ള സമയപരിധി നൽകുക.
🗞🏵 വീട്ടുജോലികൾ ചെയ്ത് നിരാശ ബാധിച്ച യുവതി അമ്മായിഅമ്മയെ പാത്രമെടുത്ത് അടിച്ച് കൊലപ്പെടുത്തി. ഡെല്‍ഹിയില്‍ ആണ് സംഭവം. 48കാരിയായ സ്ത്രീയാണ് 86കാരിയായ അമ്മായിഅമ്മയെ കൊലപ്പെടുത്തിയത്. കുറേ കാലമായി പാചകവും മറ്റും വീട്ടുപണികളും തുടർച്ചയായി ചെയ്യുന്നതിന്റെ നിരാശയിലായിരുന്നു സ്ത്രീ. ആ നിരാശയായിരിക്കണം കൊലയിലേക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
🗞🏵 ജമ്മു കാശ്മീരിൽ ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള രണ്ട് ഭീകരരെ പോലീസ് പിടികൂടി. ജമ്മു കാശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം. രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയ ഭീകര സംഘടനയാണ് ലഷ്‌കർ-ഇ-ത്വയ്ബ. പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭീകരരെ പിടികൂടിയത്. ഷോപ്പിയാനിലെ അറബ് റാഷിദ് ലോണിന്റെ മകൻ ഷാഹിദ് അഹമ്മദ് ലോണും, അബ് ഹമീദ് ഗാനിയുടെ മകൻ വസീം അഹമ്മദ് ഗാനിയുമാണ് അറസ്റ്റിലായത്.
🗞🏵 നഴ്‌സിന് നേരെ രോഗിയുടെ കയ്യേറ്റം. കോട്ടയം മെഡിക്കൽ കോളേജിൽ താൽക്കാലിക ജീവനക്കാരിയായ നേഹ ജോണിനാണ് മർദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം രോഗിക്ക് കുത്തിവയ്പ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കയ്യേറ്റം. ആക്രമണത്തിൽ കെയൊടിഞ്ഞ നേഹ ചികിത്സയിലാണ്.
🗞🏵 പോൾ ആറാമൻ പാപ്പയും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസ് ഷെനൂദ മൂന്നാമനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അൻപതാം വാർഷികത്തിൽ എക്യുമെനിക്കൽ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ വീണ്ടും നിര്‍ണ്ണായക കൂടിക്കാഴ്ച ഒരുങ്ങുന്നു. ഫ്രാൻസിസ് പാപ്പയും, ഇപ്പോഴത്തെ അലക്‌സാണ്ട്രിയായിലെ പാപ്പയും, കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസുമായ തവദ്രോസും നാളെ വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തും. ഇരുസഭകളുടെയും എക്യുമെനിക്കൽ സൗഹൃദത്തിന് കൂടിക്കാഴ്ച വലിയ പങ്കു വഹിക്കുമെന്നാണ് കരുതപ്പെടുന്നത്.
🗞🏵 ഒന്നര നൂറ്റാണ്ടായി മധ്യപ്രദേശിലെ സാഗർ നഗരത്തിനടുത്ത് ഷാംപുര ഗ്രാമത്തിൽ പ്രവർത്തിക്കുന്ന സെന്റ് ഫ്രാൻസിസ് സേവാധാം ഓർഫനേജിൽ അനധികൃത പരിശോധനയും അക്രമവുമായി ഉദ്യോഗസ്ഥർ. ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനുംഗോയും സംസ്ഥാന ശിശുക്ഷേമവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഉൾപ്പെടുന്ന സംഘമാണ് തെരച്ചിലിനെത്തിയതെന്ന് ‘ദീപിക’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സെർച്ച് വാറണ്ടോ മറ്റ് ഉത്തരവുകളോ ഇല്ലാതെ എത്തിയ സംഘം ഓഫീസ് മുറികൾ അലങ്കോലമാക്കുകയും ദേവാലയത്തിൽ കടന്നുകയറുകയും മദ്ബഹയിലെ ക്രമീകരണങ്ങൾ അലങ്കോലപ്പെടുത്തുന്നതു ചോദ്യം ചെയ്ത വൈദികരെ മർദ്ദിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തി എന്നാരോപിച്ച് കേസെടുക്കുകയും ചെയ്തു.
🗞🏵 ദൈവവിളി പ്രോത്സാഹനത്തിന് ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലെ ഇടവകകൾ 50,000 യൂറോയുടെ സമാഹരണം നടത്തി. കോവിഡ് വ്യാപനത്തെ തുടർന്ന് മൂന്നുവർഷങ്ങൾക്ക് ശേഷമാണ് സാമ്പത്തിക ശേഖരണം നടത്തുന്നത്. ആഗോളതലത്തിൽ ദൈവവിളിക്ക് വേണ്ടിയുള്ള പ്രാർത്ഥന ദിനമായി ആചരിച്ച ഏപ്രിൽ മുപ്പതാം തീയതിയിലെ ആചരണത്തോട് അനുബന്ധിച്ചായിരിന്നു ധനസമാഹരണം.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision