പാലാ: ലണ്ടന്‍ ബ്രിഡ്ജും അമിനിറ്റി സെന്ററും മഹാനായ കെ.എം. മാണിസാര്‍ ആവിഷ്‌കരിച്ച സ്വപ്ന പദ്ധതിയാണ്. ദയവായി നഗരസഭയിലെ പ്രതിപക്ഷത്തുള്ള ജോസ് കെ മാണി വിഭാഗം കൗണ്‍സിലര്‍മാര്‍ ഇതിന് എതിരുനില്‍ക്കരുതേ എന്നാണ് ഞങ്ങൾക്ക് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത്. പരാജയപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ച അമിനിറ്റി സെന്ററിന്റെയും ലണ്ടന്‍ ബ്രിഡ്ജിന്റെയും ഭാഗമായി തൂക്കുപാലം പണിത് മരണശയ്യയിൽ കിടക്കുന്ന അമിനിറ്റി സെന്ററിനും ലണ്ടൻ ബ്രിഡ്ജിനും പുനര്‍ജ്ജീവന്‍ കൊടുക്കാനാണ് നഗരസഭ ശ്രമിച്ചത്.
മാണിസാര്‍ ആവിഷ്‌കരിച്ച് രാഷ്ട്രീയ വിരോധം കൊണ്ട് ജോസ് കെ മാണി തുരങ്കം വെച്ച ഈ പദ്ധതി മാണിസാർ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ പാലായ്ക്ക് അഭിമാനമായി പ്രവര്‍ത്തിക്കുമായിരുന്നു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സംസ്ഥാന സര്‍ക്കാരാണ് അമിനിറ്റി സെന്ററിന്റെയും ലണ്ടന്‍ ബ്രിഡ്ജിന്റെയും തുടര്‍പണികള്‍ നടത്തിയത്. അഞ്ച് വര്‍ഷം മുമ്പ് ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പദ്ധതി നാടിന് സമര്‍പ്പിച്ചത്. ഇത്രയും ശ്രദ്ധേയമായ ഒരു പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിലെ തന്നെ മൂന്നാമത്തെ കക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം കൗണ്‍സിലര്‍മാര്‍ ഇങ്ങനെ തടസ്സം സൃഷ്ടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഈ സര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും പോലും ഇപ്പോൾ ഇടതുമുന്നണിയിലുളളകേരളാ കോൺഗ്രസ് ജോസ് വിഭാഗം കൗണ്‍സിലര്‍മാര്‍ക്ക് പ്രതിബദ്ധതയില്ലേ.
ഈ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ വാര്‍ഡ് ഫണ്ട് വെട്ടിക്കുറയ്ക്കുന്നുവെന്ന വസ്തുതാവിരുദ്ധമായ ആക്ഷേപമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. തൂക്കുപാലം പദ്ധതിക്കായി ബഹുമാന്യനായ ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി.യും ബഹുമാന്യനായ മാണി സി. കാപ്പന്‍ എം.എല്‍.എ.യും എല്ലാവിധ പിന്തുണയും നല്‍കാമെന്ന് പരസ്യമായി അറിയിച്ചിട്ടും മാണിസാറിന്റെ സ്വപ്നപദ്ധതിയെ ഇല്ലായ്മ ചെയ്യാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പിതൃത്വത്തിൽ അഭിമാനം കൊള്ളുന്നുവെന്ന് മേനി പറയുന്ന കേരളാ കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍മാര്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. എല്ലാ നിയമവശങ്ങളും പരിശോധിച്ച് എല്ലാവിധ അനുമതിയോടുംകൂടി മാത്രമേ പദ്ധതി നടപ്പിലാക്കാന്‍ കഴിയൂ എന്നിരിക്കെ ബാലിശമായ ആരോപണങ്ങള്‍ നിരത്തി പദ്ധതിക്കെതിരെ നില്‍ക്കുന്നത് ശരിയാണോയെന്ന് ഇതിന് എതിരെ നിൽക്കുന്ന രാജ്യസഭാ MP ജോസ് കെ മാണിയും പ്രതിപക്ഷ കൗണ്‍സിലര്‍മാരുംചിന്തിക്കണം. നാടിന്റെ വികസനത്തിനായി എല്ലാവരുമായും ഒത്തുചേര്‍ന്നുകൊണ്ട് സങ്കുചിത മനോഭാവം മാറ്റിവെച്ചു കൊണ്ട് നമുക്ക് ഈ പദ്ധതി നടപ്പിലാക്കാം. ഈ പദ്ധതിയിലൂടെ പാലായിൽ ജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ വലിയ ടൂറിസം സാധ്യതകൾ ആണ് നഗരസഭ ലക്ഷ്യമാക്കുന്നത്.. തൂക്കുപാലം പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇത് ബഹുമാന്യനായ കെ.എം. മാണിസാറിനുള്ള ഒരു പാവന സ്മരണകൂടിയാകുമെന്ന കാര്യവും ജോസ് വിഭാഗം കൗണ്‍സിലര്‍മാര്‍ ഓര്‍ക്കണം. എല്ലാത്തിലുമുപരി പാലായിലെ പ്രബുദ്ധരായ ജനം ഇതെല്ലാം മനസ്സിലാക്കുന്നുണ്ട് എന്നെങ്കിലും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചിന്തിക്കണമെന്നും UDF കൗൺസിലർമാർ പ്രസ്താവനയില്‍ പറഞ്ഞു.













