സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി വാണിജ്യ മന്ത്രാലയം. നിയമലംഘനം നടത്തിയ 119 സ്വദേശികളുടെയും വിദേശികളുടെയും പേരുവിവരങ്ങള്‍ മന്ത്രാലയം പരസ്യപ്പെടുത്തി. ശിക്ഷിക്കപ്പെട്ടവരില്‍ ഇന്ത്യക്കാരുമുണ്ട്.
സൗദിയിലെ വാണിജ്യ നിയമങ്ങള്‍ ലംഘിച്ച് ബിനാമി ഇടപാടുകളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെയാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. റിയാദ്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 119 പേര്‍ക്കെതിരെയാണ് നടപടി. രാജ്യത്തെ വിവിധ കോടതികള്‍ നല്കിയ അന്തിമ വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. പിഴ, തടവ്, ആജീവനാന്ത നാടുകടത്തല്‍ എന്നിവയാണ് പ്രധാന ശിക്ഷകള്‍.
നിര്‍മ്മാണ മേഖല, റെസ്റ്റോറന്റുകള്‍, സ്പെയര്‍ പാര്‍ട്സ്, ഇലക്ട്രോണിക്സ് തുടങ്ങി വിവിധ മേഖലകളിലാണ് ഇവര്‍ ബിനാമി ഇടപാടുകള്‍ നടത്തിയിരുന്നത്. ഇതില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാര്ക്കും കനത്ത പിഴയും ശിക്ഷയും കോടതി വിധിച്ചു.












