ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ട് നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് രാഷ്ട്രീയ ലാഭങ്ങൾക്കായി മാത്രം ഉപയോഗിക്കപ്പെടുന്നു എന്ന ആരോപണം ശക്തമാകുകയാണ്.
രണ്ടായിരത്തിലധികം പേജുകളുള്ള വിപുലമായ പഠന റിപ്പോർട്ട് 2023 മേയ് മാസത്തിൽ സർക്കാരിന് സമർപ്പിച്ചതാണ്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും ഇത് നിയമസഭയിലോ പൊതുസമൂഹത്തിന് മുന്നിലോ വെക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
“റിപ്പോർട്ട് പോലും പുറംലോകം കാണിക്കാത്തവർ ഏത് ശുപാർശയാണ് നടപ്പിലാക്കുന്നത്?” എന്ന ചോദ്യം വിശ്വാസികൾക്കിടയിൽ ശക്തമാണ്. 220-ഓളം ശുപാർശകൾ സർക്കാർ നടപ്പിലാക്കി എന്ന് അവകാശപ്പെടുമ്പോഴും, ഏതെല്ലാം ശുപാർശകളാണ് അവയെന്നോ അവ എങ്ങനെ നടപ്പിലാക്കുന്നുവെന്നോ ഉള്ള കാര്യത്തിൽ ദുരൂഹത തുടരുന്നു.













