കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗവും കെപിസിസി യോഗവും ഇന്ന് ചേരും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും യോഗം. അതിന് പിന്നാലെ വൈകുന്നേരം 4 മണിക്കാണ് രാഷ്ട്രീയകാര്യ സമിതി യോഗം.
പുതിയ കോര്‍ കമ്മിറ്റി നിലവില്‍ വന്നതിനുശേഷം അധികാരം പരിമിതപ്പെട്ട രാഷ്ട്രീയകാര്യ സമിതിയാണ് ഇന്ന് യോഗം ചേരുന്നത്. കെപിസിസി യോഗത്തില്‍ മേഖലകളുടെ ചുമതലയും ജില്ലകളുടെ ചുമതലയും വിഭജിച്ച വിവരം ഭാരവാഹികളെ ഔദ്യോഗികമായി അറിയിക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ മാത്രമാകും ഇരു യോഗത്തിലും ചര്‍ച്ചയാവുക.
വിവാദ വിഷയങ്ങളും പുനഃസംഘടനയും തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല എന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. തദ്ദേശ സ്ഥാപനങ്ങളില്‍ സീറ്റ് വിഭജനം മുന്നണികളുമായി തര്‍ക്കം ഇല്ലാതെ പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണമെന്ന നിര്‍ദ്ദേശവും നല്‍കും.












