തിരുവനന്തപുരം: ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ദരിദ്രരോടുള്ള സ്നേഹത്തെക്കുറിച്ചുള്ള അപ്പസ്തോലിക പ്രബോധനമായ ‘ഞാന്‍ നിന്നെ സ്നേഹിച്ചു’ മലയാളം പരിഭാഷയുടെ പ്രകാശനം ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. പിഎംജി ലൂര്‍ദ് മീഡിയ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജയിംസ് പരിഭാഷ ഏറ്റുവാങ്ങി.
ക്രിസ്തുവിന്റെ സ്നേഹവും ദരിദ്രരെ പരിപാലിക്കാനുള്ള ആഹ്വാനവും തമ്മിലുള്ള ബന്ധം മനസിലാക്കേണ്ടത് വിശുദ്ധിയിലേക്കുള്ള പാതയില്‍ അത്യാവശ്യമാണെന്ന് പ്രബോധനത്തില്‍ മാര്‍പാപ്പ കുറിക്കുന്നു. ഇത് കേവലം മനുഷ്യ ദയയല്ല, മറിച്ച് ഒരു വെളിപാടാണ്. ദരിദ്രര്‍ നമ്മുടെ കുടുംബത്തിന്റെ ഭാഗമാണ്; അവര്‍ നമ്മളില്‍ ഒരാളാണ്. അവരിലേക്ക് ദൈവത്തെ കൊണ്ടുവരിക എന്നതിലുപരി, അവരില്‍ ദൈവത്തെ കണ്ടുമുട്ടുക എന്നതാണ് ചെയ്യേണ്ടത്. ദരിദ്രരുടെ അടിയന്തര ആവശ്യങ്ങള്‍ മാത്രം തൃപ്തിപ്പെടുത്തുന്ന ഒരു ‘പിതൃത്വപരമായ’ സമീപനം ഉപേക്ഷിച്ച് സഭയുടെയും സമൂഹത്തിന്റെയും നവീകരണത്തില്‍ അവര്‍ക്ക് വഹിക്കാനുള്ള സജീവമായ പങ്ക് മാര്‍പാപ്പ ഓര്‍മിപ്പിക്കുന്നു.
ലൂര്‍ദ് ഫൊറോന വികാരിയും ചങ്ങനാശേരി അതിരൂപത വികാരി ജനറാളുമായ മോണ്‍.ഡോ. ജോണ്‍ വര്‍ഗീസ് തെക്കേക്കര അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന വിവരാവകാശ കമ്മീഷ്ണര്‍ ഡോ. സോണിച്ചന്‍ പി.ജോസഫ്, പരിഭാഷകനും കാര്‍മല്‍ പബ്ലിക്കേഷന്‍ ഡയറക്ടറുമായ ഫാ. ജയിംസ് ആലക്കുഴിയില്‍ ഒസിഡി, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. തോമസ് കുരിശിങ്കല്‍ ഒസിഡി, സിസ്റ്റര്‍ ഫ്ലവര്‍ലെറ്റ് സിഎംസി തുടങ്ങിയവര്‍ പങ്കെടുത്തു.












