കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകർക്ക് നഷ്ടപരിഹാരത്തുക നൽകുന്നത് അഞ്ച് വർഷത്തോളം വൈകിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ കൃഷിമന്ത്രി പി. പ്രസാദ് ശാസിച്ചു.
2020-ൽ കാട്ടുപന്നി ആക്രമണത്തിന് ഇരയായ രണ്ട് കർഷകർക്കാണ് അർഹതപ്പെട്ട നഷ്ടപരിഹാരത്തുക ലഭിക്കാൻ അഞ്ച് വർഷം സർക്കാർ ഓഫീസുകൾ കയറി ഇറങ്ങേണ്ടി വന്നത്. ഉദ്യോഗസ്ഥർ തങ്ങളെ അനാവശ്യമായി ഓഫീസുകൾ കയറ്റി ഇറക്കുന്നു എന്ന കർഷകരുടെ പരാതി ഇന്നലെ ആലപ്പുഴ കളക്ടറേറ്റിൽ നടന്ന യോഗത്തിലാണ് കൃഷിമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് രേഖകൾ പരിശോധിച്ച മന്ത്രി, ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചു. ഇതിന് പിന്നാലെ പാലമേലിൽ നടന്ന പൊതുപരിപാടിയിലും സദസ്സിലിരുത്തി മന്ത്രി ഉദ്യോഗസ്ഥരെ പരസ്യമായി ശാസിച്ചു. “ഉദ്യോഗസ്ഥർ ചക്രവർത്തിമാരല്ലെന്നും, സർക്കാർ ജീവനക്കാർ ജനങ്ങളുടെ നികുതി പണം ശമ്പളമായി വാങ്ങുന്നവരാണെന്ന് ഓർമ വേണമെന്നും” മന്ത്രി പ്രസാദ് തുറന്നടിച്ചു. നഷ്ടപരിഹാരം വൈകിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് വനം വകുപ്പ് മന്ത്രിയോട് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.












