പത്ത് മാസത്തിനിടെ 97 പേർക്ക് രോഗം സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് മൂന്ന് ആക്ടീവ് കേസുകൾ
അമീബിക് മസ്തിഷ്കജ്വരം (Amoebic Meningoencephalitis) വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. കഴിഞ്ഞ പത്ത് മാസത്തിനിടെ സംസ്ഥാനത്ത് 97 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രോഗവ്യാപനം ആശങ്ക വർധിപ്പിക്കുന്നതിനിടെ, തിരുവനന്തപുരം ജില്ലയിൽ മാത്രം നിലവിൽ മൂന്ന് ആക്ടീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അമീബിക് മസ്തിഷ്കജ്വരത്തിന്റെ രോഗ ഉറവിടം കണ്ടെത്താൻ കഴിയാത്തത് ആരോഗ്യവകുപ്പിന് വലിയ വെല്ലുവിളിയാകുകയാണ്. സംസ്ഥാനത്ത് അവസാനമായി രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ 57 വയസ്സുകാരനാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന് എങ്ങനെ രോഗം ബാധിച്ചു എന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 9 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
രോഗം ബാധിച്ച് ചികിത്സയിലായിരുന്ന കൊല്ലം ഇടവട്ടം സ്വദേശി കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. സാധാരണയായി മലിനജലത്തിലൂടെയും മറ്റും പകരുന്ന ഈ രോഗം തലച്ചോറിനെയാണ് ബാധിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ രോഗവ്യാപനം തടയാനുള്ള പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.













