2025 ഒക്ടോബർ 06 തിങ്കൾ 1199 കന്നി 20
വാർത്തകൾ
🗞️👉 ഉത്സവ സീസണിലെ ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കാൻ നടപടി
വിമാന കമ്പനികൾക്ക് സുപ്രധാന നിർദേശവുമായി DGCA. ഉത്സവ സീസണുകളിലെ നിരക്ക് വർധനവ് നിയന്ത്രിക്കാൻ കൂടുതൽ സർവീസുകൾ വിന്യസിക്കാൻ നിർദേശം. DGCA നിർദേശത്തെ തുടർന്ന് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന കമ്പനികൾ കൂടുതൽ സർവീസുകൾ വിന്യസിക്കും.ഇൻഡിഗോ 42 റൂട്ടുകളിൽ 730 വിമാനങ്ങളും എയർ ഇന്ത്യ 20 റൂട്ടുകളിൽ 486 വിമാനങ്ങളും സ്പൈസ് ജെറ്റ് 38 റൂട്ടുകളിൽ 546 വിമാനങ്ങളും പുതുതായി വിന്യസിക്കും. സർവീസുകളുടെ എണ്ണം വർധിപ്പിച്ച നിരക്ക് വർധനവ് ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ നീക്കം.
🗞️👉 അൽഫോൻസാ കോളേജിൽ ദ്വിദിന ദേശീയ സെമിനാർ
പാലാ : പാലാ അൽഫോൻസാ കോളേജിൽ രണ്ടുദിവസത്തെ ദേശീയ സെമിനാർ ഒക്ടോബർ 7, 8 തീയതികളിൽ നടക്കും. കേന്ദ്ര ഗവൺമെന്റിന്റെ ഫണ്ടിങ് ഏജൻസിയായ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോ ടെക്നോളജിയുമായി ചേർന്ന് കോളേജിലെ സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് “എൻവയോൺമെന്റൽ സസ്റ്റൈനബിലിറ്റി ഫോർ എ ബെറ്റർ ഫ്യൂച്ചർ ” എന്ന സെമിനാർ നടക്കുക. പാലാ രൂപത മുഖ്യ വികാരി ജനറാളും കോളേജ് മാനേജരും ആയ റവ. ഡോ. ജോസഫ് തടത്തിലിന്റെ അധ്യക്ഷതയിൽ കോയമ്പത്തൂർ ഭാരതിയാർ യൂണിവേഴ്സിറ്റി സുവോളജി വിഭാഗം തലവൻ പ്രൊഫ. ഡോ. മഥൻ രമേശ് ഉദ്ഘാടന കർമ്മം നിർവഹിക്കും.
🗞️👉 രാഷ്ട്രപതി ദ്രൗപതി മുർമു ഈ മാസം 22ന് ശബരിമലയിൽ ദർശനം നടത്തും
രാഷ്ട്രപതി ദ്രൗപതി മുർമു ഈ മാസം 22 ന് ശബരിമലയിൽ ദർശനം നടത്തും. ഈ മാസം 24 വരെ രാഷ്ട്രപതി കേരളത്തിൽ തുടരും. സർക്കാരിനെ ഔദ്യോഗികമായി രാഷ്ട്രപതി ഭവൻ ഇക്കാര്യം അറിയിച്ചു. ഒക്ടോബർ 17 നാണ് തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്. കുറച്ചു മണിക്കൂറുകൾ സന്നിധാനത്ത് തുടരുന്നതിന് ശേഷമായിരിക്കും രാഷ്ട്രപതി മടങ്ങുക.സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിലയിരുത്തലുകളിലേക്കുമുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. ആഗോള അയ്യപ്പ സംഗമ വേദിയിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ രാഷ്ട്രപതി ശബരിമലയിൽ ദർശനം നടത്താൻ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിരുന്നില്ല. മേയ് 19ന് ദ്രൗപതി മുർമു ശബരിമല സന്ദർശിക്കും എന്നായിരുന്നു വിവരം. എന്നാൽ അവസാനനിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. ഇന്ത്യ – പാകിസ്താൻ സംഘർഷത്തെ തുടർന്നായിരുന്നു അന്നത്തെ സന്ദർശനം റദ്ദാക്കിയിരുന്നത്.
🗞️👉 ഹൈക്കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ സുപ്രീംകോടതിയിൽ
സി എം ആർ എൽ എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണ ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നൽകിയത്. ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെ 7 പേർക്കെതിരെ നൽകിയ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്ന് മാത്യു കുഴൽനാടൻ എംഎല്‍എ ഹൈക്കോടതി സമീപിച്ചത്. അഴിമതി നിരോധന നിയമപ്രകാരം അന്വേഷിക്കേണ്ട കുറ്റകൃത്യം ഹർജിയിലോ നൽകിയ രേഖകളിലോ കണ്ടെത്താനായില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം.
🗞️👉 ഡിജിറ്റൽ – സാങ്കേതിക സർവകലാശാല വി.സി. നിയമനം
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി സി നിയമനത്തിനുള്ള അഭിമുഖം ഈ മാസം 8 മുതൽ 12 വരെ തിരുവനന്തപുരത്ത് നടക്കും. മസ്കറ്റ് ഹോട്ടലിലാണ് അഭിമുഖം നടക്കുക. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് വി സി നിയമത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചത്. 60 ഓളം അപേക്ഷകർക്കാണ് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ നോട്ടീസ് നൽകി. ഒക്ടോബർ 8, 9 തീയതികളിൽ സാങ്കേതിക സർവകലാശാലയുടെയും, 10,11 തീയതികളിൽ ഡിജിറ്റൽ സർവകലാശാലയുടെയും വിസി നിയമനത്തിനുള്ള അഭിമുഖങ്ങളാണ് നടത്തുക. സുപ്രീംകോടതി ചുമതലപ്പെടുത്തിയ റിട്ട. ജസ്റ്റിസ് സുധാംഷൂ ധൂലിയയാണ് സെർച്ച് കമ്മിറ്റിയുടെ അധ്യക്ഷൻ. ഗവർണറും സർക്കാരും നിർദ്ദേശിച്ച നാലുപേർ വീതമാണ് രണ്ട് സെർച്ച്കമ്മിറ്റികളിലെ അംഗങ്ങൾ. കമ്മിറ്റി അംഗങ്ങൾ എല്ലാവരും സംസ്ഥാനത്തിന് പുറത്തുള്ളവരാണ്. സുപ്രീം കോടതി ഉത്തരവ് പ്രകാരം മൂന്ന് അംഗ പാനൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കണം.
🗞️👉 മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ; മുഖ്യമന്ത്രി ഡൽഹിയിലേക്ക്
വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടലിൽ കൂടുതൽ ധനസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. ചൊവാഴ്ചയാണ് കൂടിക്കാഴ്ച നടത്തും. ഉച്ചയോടെ ആഭ്യന്തരമന്ത്രിയെ കാണുമെന്നും വൈകിട്ട് തന്നെ മടങ്ങുമെന്നുമാണ് വിവരം. അതിനിടെ പ്രധാനമന്ത്രിയെ കാണാനും നീക്കമുണ്ട്. മുഖ്യമന്ത്രി നേരത്തെ തന്നെ വയനാട്ടിലെ ധനസഹായം സംബന്ധിച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു. കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ മറ്റു വികസന വിഷയങ്ങളും ചർച്ചയാകും. പ്രധാനമായും വയനാട് ദുരന്തനിവാരണത്തിനായുള്ള ധനസഹായമാണ് കൂടിക്കാഴ്ചയിലെ അജണ്ട. അതിൽ 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് എന്ന ആവശ്യം നേരത്തെ തന്നെ കേരളം മുന്നോട്ട് വെച്ചിരുന്നു. കേരളത്തിൽ നിന്നുള്ള എം പിമാർ നേരിട്ടായിരുന്നു ആഭ്യന്തരമന്ത്രിയെ നിവേദനം നൽകിയിരുന്നത്.
🗞️👉 വനിത ലോകകപ്പ്; പാകിസ്താനെ തകർത്ത് ഇന്ത്യ
ഐസിസി വനിത ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയം. 248 റൺസ് പിന്തുടർന്ന പാകിസ്താനെ ഇന്ത്യ 159 റൺസിന് ഓൾ ഔട്ടാക്കി. ടോസ് നേടിയ പാകിസ്താൻ ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. ടോസിന് ശേഷം ഇരുക്യാപ്റ്റന്മാരും ഹസ്തദാനം നൽകിയിരുന്നില്ല. റിച്ച ഘോഷ് (35), ഹർലീൻ ഡിയോൾ (46) എന്നിവരുടെ പ്രകടനം ഇന്ത്യയെ മികച്ച സ്‌കോറിൽ എത്തിച്ചു. പാകിസ്‌താന്റെ സിദ്ര അമീൻ (81) അർധ സെഞ്ചുറി നേടി. 9 ബൗണ്ടറികളും, ഒരു സിക്സറുമാണ് സിദ്രയുടെ അക്കൗണ്ടിൽ ഉള്ളത്.
🗞️👉 ഗസയില്‍ ബോംബാക്രമണം നിര്‍ത്തണമെന്ന ട്രംപിന്റെ നിര്‍ദേശത്തിന് പുല്ലുവില
ഗസയില്‍ ബോംബാക്രമണം നിര്‍ത്തണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം വകവയ്ക്കാതെ ഇസ്രയേല്‍. ഇന്ന് നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയ്ക്കായുള്ള ട്രംപിന്റെ ഇരുപതിന കരാര്‍ സംബന്ധിച്ച് നാളെ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച നടക്കാനിരിക്കെയാണ് ട്രംപിന്റെ നിര്‍ദേശം കാറ്റില്‍പ്പറത്തി ഇസ്രയേല്‍ വീണ്ടും ബോംബാക്രമണം നടത്തിയിരിക്കുന്നത്. ഗസയുടെ അധികാരവും നിയന്ത്രണവും വിട്ടുകൊടുക്കാന്‍ വിസമ്മതിച്ചാല്‍ ഹമാസ് സമ്പൂര്‍ണ ഉന്മൂലനം നേരിടേണ്ടി വരുമെന്ന് ഡോണള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ ഇരുപതിന കരാറില്‍ ഉള്‍പ്പെട്ട ബന്ദികളെ വിട്ടയയ്ക്കണമെന്ന നിര്‍ദേശം അംഗീകരിക്കാന്‍ ഹമാസ് സന്നദ്ധത അറിയിച്ചിരുന്നു. ഹമാസിന്റെ ഈ തീരുമാനം സ്വാഗതാര്‍ഹമെന്ന് ട്രംപ് പ്രശംസിക്കുകയും ചെയ്തിരുന്നു.
🗞️👉 പൊതുപരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ
ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ വീണ്ടും മണ്ഡലത്തിൽ സജീവമാകുന്നു. ഇടവേളയ്ക്കു ശേഷം ആദ്യ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തു. പാലക്കാട് – ബാംഗ്ലൂർ കെഎസ്ആർടിസിയുടെ പുതിയ എ സി ബസ് സർവ്വീസ് രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. വളരെ കാലമായിയുള്ള ആവശ്യമാണ് പാലക്കാട്ടു നിന്നും ബാംഗ്ലൂർക്ക് എ സി ബസ് സർവ്വീസ് വേണമെന്നത്. കഴിഞ്ഞ ദിവസമാണ് ഗതാഗത മന്ത്രി പുതിയ ബസ് പാലക്കാട് കെഎസ്ആർടി ഡിപ്പോയ്ക്ക് അനുവദിച്ചത്.













