ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട നാള്‍ മുതല്‍ ഇതുവരെയുള്ള ലെയോ പാപ്പയുടെ ശുശ്രൂഷയില്‍ സന്തോഷ പ്രകടിപ്പിച്ച് വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവനായ കര്‍ദ്ദിനാള്‍ ജെറാര്‍ഡ് ലുഡ്‌വിഗ് മുള്ളര്‍.
ക്രിസ്തു കേന്ദ്രീകൃതമായ സുവിശേഷ പ്രഖ്യാപനത്തിന് മുന്‍ഗണനയും സഭയുടെ ദ്വിതീയ പ്രാധാന്യമുള്ള കാര്യങ്ങളിൽ കുറവ് ഊന്നലും നല്‍കുന്ന ലെയോ പതിനാലാമന്‍ പാപ്പയുടെ നിലപാട് പ്രതീക്ഷ പകരുകയാണെന്ന് കര്‍ദ്ദിനാള്‍ മുള്ളർ പറഞ്ഞു. ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനല്ല, സുവിശേഷം പങ്കുവെയ്ക്കുന്നതിനാണ് തന്റെ മുൻഗണനയെന്ന് കഴിഞ്ഞ ദിവസം ലെയോ പാപ്പ പറഞ്ഞിരിന്നു. ഇതിന് പിന്നാലെയാണ് കര്‍ദ്ദിനാള്‍ മുള്ളറുടെ പ്രസ്താവന.
തീർച്ചയായും, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സഭയ്ക്ക് സഹായിക്കാൻ കഴിയും, എന്നാൽ തങ്ങളുടെ പ്രഥമ ദൗത്യം എല്ലാവരോടും സുവിശേഷം പ്രസംഗിക്കുകയും യൂറോപ്പിലേക്ക് കുടിയേറുന്നവരെ സുവിശേഷവൽക്കരിക്കുകയും ചെയ്യുക എന്നതാണെന്നും ഭൗതിക സഹായം നൽകുക മാത്രമല്ല, സത്യം അവർക്ക് നൽകുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും കർദ്ദിനാൾ പറഞ്ഞു. ലെയോ പാപ്പ സഭയ്ക്കുള്ളിലെ പ്രത്യയശാസ്ത്ര ധ്രുവീകരണത്തെ മറികടക്കാൻ ആഗ്രഹിക്കുന്നത് പ്രതീക്ഷ പകരുന്നുവെന്നും കര്‍ദ്ദിനാള്‍ മുള്ളർ പറഞ്ഞു.













