കോട്ടയം: പുനർനിർമ്മിച്ച പൂവത്തോട് സെന്റ് തോമസ് ഇടവക ദേവാലയത്തിന്റെ കൂദാശകർമ്മം സെപ്റ്റംബർ 7, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടാണ് കൂദാശയ്ക്ക് മുഖ്യ കാർമികത്വം വഹിക്കുക.
2023 ജൂലൈ 3-ന് ആരംഭിച്ച ദേവാലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഏകദേശം രണ്ടുവർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. പാലാ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, ചിക്കാഗോ രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവരും കൂദാശ കർമ്മങ്ങളിൽ പങ്കുചേരും. പാലാ രൂപതയിലെ വികാരി ജനറാൾമാർ, മറ്റ് വൈദികർ, സന്യസ്തർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരിക്കും.
1887 ഏപ്രിൽ 17-നാണ് പൂവത്തോട് ഇടവക സമൂഹം രൂപംകൊള്ളുന്നത്. ഭരണങ്ങാനം, ആനക്കല്ല് ഇടവകകളുടെ ഭാഗമായിരുന്ന 204 കുടുംബങ്ങളാണ് അന്ന് പൂവത്തോട് ഇടവകയുടെ ഭാഗമായത്. പുലിക്കുന്നേൽ സ്കറിയ കത്തനാരും തുരുത്തിയിൽ ഔസേപ്പ് കത്തനാരും ആയിരുന്നു ആദ്യകാല വികാരിമാർ. നിലവിലെ വികാരി ഫാദർ ജേക്കബ് പുതിയാപറമ്പിൽ 42-ാമത്തെ വികാരിയാണ്. ഇന്ന് ഇടവകയിൽ 320 കുടുംബങ്ങളുണ്ട്. കൂടാതെ, സി.എസ്.ഡി. വൈദികരുടെയും തിരുഹൃദയ സന്യാസിനികളുടെയും നസ്രത്ത് സന്യാസിനികളുടെയും ഓരോ ഭവനങ്ങൾ ഇടവകയിൽ സേവനം ചെയ്യുന്നു.
കൂദാശ കർമ്മം സംബന്ധിച്ച വിവരങ്ങൾ പാലാ മീഡിയ അക്കാദമിയിൽ നടന്ന പത്രസമ്മേളനത്തിൽ പള്ളി വികാരി ഫാദർ ജേക്കബ് പുതിയാപറമ്പിൽ, കൈക്കാരന്മാരായ ജോസ് ജോസഫ് ഞായർകുളം, കെ.സി. മാത്യു കുറ്റിയാനിക്കൽ, പ്രസാദ് ദേവസ്യ പേരക്കാട്ട്, ബി.ജെ. സെബാസ്റ്റ്യൻ പെരുവാച്ചിറ, ജോജോ ജോസഫ് കാക്കാനി എന്നിവർ വിശദീകരിച്ചു.













