കുറുപ്പന്തറ: മേമ്മുറി വെറ്റിനറി ആശുപത്രിയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ വെറ്റിനറി സര്‍ജറി യൂണിറ്റ് (എംഎസ്‌യു) പ്രവര്‍ത്തനമാരംഭിച്ചു. കോട്ടയത്തിന്റെ ഉപകേന്ദ്രമായി തെരഞ്ഞെടുക്കപെട്ടാണ് മേമ്മുറിയില്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. വളര്‍ത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയ്ക്കുള്ള വന്ധ്യകരണം അടക്കമുള്ള ശസ്ത്രക്രിയക്കായി കോട്ടയം എംഎസ്‌യു മദര്‍ യൂണിറ്റിന്റെ കീഴിലെ ഉപകേന്ദ്രങ്ങളില്‍ ഒന്നാണ് മേമ്മുറിയിലേത്. മാഞ്ഞൂരിലെയും സമീപ പഞ്ചായത്തുകളിലെയും വളര്‍ത്തുമൃഗങ്ങളുടെ ശസ്ത്രക്രിയകള്‍ ഒരാഴ്ച്ചയില്‍ ഒരു ദിവസം (വ്യാഴം)
സര്‍ക്കാര്‍ ഫീസ് നിരക്കില്‍ ഇവിടെ നടത്തും. മുന്‍കൂട്ടി രജിസ്ട്രര്‍ ചെയ്ത മുന്‍ഗണന അനുസരിച്ചാവും ശസ്ത്രക്രിയകള്‍ നടത്തുക. വീട്ടുപടിക്കല്‍ സേവനം എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് മൊബൈല്‍ സര്‍ജറി യൂണിറ്റുകള്‍ എത്തുന്നത്. മുന്‍കൂറായി ബുക്ക് ചെയ്തു സര്‍ജറികള്‍ നടത്താവുന്നതാണ്. പൂര്‍ണമായും സുതാര്യമായ ഈ പദ്ധതിയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് ക്യൂ ആര്‍ കോഡ് വഴിയാണ് അടയ്ക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ മൃഗസംരക്ഷണ വകുപ്പ അധികാരികളുടെ സാന്നിധ്യത്തില്‍ മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍
നിര്‍വഹിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ബിജു കൊണ്ടുക്കാല അധ്യക്ഷത വഹിച്ചു. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.സുജ പദ്ധതിയുടെ വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയധ്യക്ഷ സാലിയമ്മ ജോളി, വാര്‍ഡ് മെമ്പര്‍ ആനിയമ്മ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മൊബൈല്‍ സര്‍ജറി യൂണിറ്റില്‍ ശസ്ത്രക്രിയകള്‍ നടത്താന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.














