തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരളത്തിലെയും കന്യാകുമാരിയിലെയും തീരപ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെയും വെള്ളിയാഴ്ച (28/08/2026) വൈകുന്നേരം 05.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 02.30 വരെയും ജാഗ്രതാ മുന്നറിയിപ്പുണ്ട്.
കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് മേഖലയിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരളത്തിലെ മുഴുവൻ തുറമുഖങ്ങളിലും ലോക്കൽ കാഷനറി സിഗ്നൽ നമ്പർ III (മൂന്നാം നമ്പർ ജാഗ്രതാ സിഗ്നൽ) ഉയർത്തി നിർത്താൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി.
തിരുവനന്തപുരം, നീണ്ടകര, ആലപ്പുഴ, കൊച്ചി, അഴീക്കൽ, പൊന്നാനി, ബേപ്പൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കാസർഗോഡ് എന്നീ തുറമുഖങ്ങളിലും, ലക്ഷദ്വീപിലെ മിനിക്കോയ്, കർണാടകയിലെ പ്രമുഖ തുറമുഖങ്ങൾ എന്നിവിടങ്ങളിലും മൂന്നാം നമ്പർ മുന്നറിയിപ്പ് സിഗ്നൽ തുടരുകയാണ്. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും ചെറുവള്ളങ്ങളുടെ ഉടമകളും കടലിൽ പോകരുതെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

















