ടെഹ്റാൻ/ദോഹ: അമേരിക്കയുമായി മുൻപുണ്ടാക്കിയ ഉറപ്പുകൾ പാലിക്കപ്പെടുകയാണെങ്കിൽ സമാധാന കരാർ തുടരാൻ സന്നദ്ധമാണെന്ന് വ്യക്തമാക്കി ഇറാൻ. ഹോർമുസ് കടലിടുക്കിലെ താൽക്കാലിക തടസ്സങ്ങൾ ഒഴിവാക്കുന്നതിന് മുൻപായി യു.എസ് വാഗ്ദാനങ്ങൾ നടപ്പിലാക്കണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രിയുമായി ടെഹ്റാനിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇറാൻ ആവശ്യപ്പെട്ടു. ഇതിന് ഖത്തർ പൂർണ്ണ പിന്തുണ അറിയിച്ചെങ്കിലും, രാജ്യം ആക്രമിക്കപ്പെട്ടാൽ അതിശക്തമായ തിരിച്ചടി നൽകാൻ സൈന്യം സജ്ജമാണെന്നും ഹോർമുസ് പാത പൂർണ്ണമായി തുറക്കില്ലെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാൻ-ഖത്തർ വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക ചർച്ചയിൽ ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര വഴികൾ ചർച്ചയായി. പാകിസ്ഥാൻ സൈനിക മേധാവിയും ഒമാൻ വിദേശകാര്യ മന്ത്രിയും നടത്തിയ സന്ദർശനങ്ങൾക്ക് പിന്നാലെയാണ് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തർ മധ്യസ്ഥശ്രമങ്ങൾ ഊർജ്ജിതമാക്കിയത്. എന്നാൽ സാമ്പത്തിക ഉപരോധങ്ങൾ ഫലപ്രദമാണെന്നും ഇറാനുമായി ചർച്ച പുനരാരംഭിക്കാൻ തിടുക്കമില്ലെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. പുതിയ ഉപരോധങ്ങളെ ‘സാമ്പത്തിക ഭീകരപ്രവർത്തനം’ എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വിശേഷിപ്പിച്ചത്.
അതിനിടെ, ഹോർമുസിന്റെ തെക്കൻ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച ‘ഹാന’ (HAANA) എന്ന ഇന്ത്യൻ എണ്ണ ടാങ്കറിനെ ഇറാനിയൻ യുദ്ധക്കപ്പൽ മുന്നറിയിപ്പ് നൽകി തടയുകയും വഴിതിരിച്ചുവിടുകയും ചെയ്തു. മറ്റൊരു എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണമുണ്ടായെങ്കിലും തീ അണയ്ക്കുകയും ജീവനക്കാർ സുരക്ഷിതരാണെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഏജൻസി (UKMTO) അറിയിക്കുകയും ചെയ്തു.

















