രാജസ്ഥാനിലെ സ്കൂളുകളുടെ ദയനീയ അവസ്ഥ വെളിവാക്കുന്ന സർക്കാർ രേഖകൾ പുറത്ത്. സംസ്ഥാനത്ത് 611 സർക്കാർ സ്‌കൂളുകൾക്ക് സ്വന്തമായി കെട്ടിടങ്ങളില്ലെന്നും ഇവ താത്കാലിക സംവിധാനങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
ഇതിൽ പത്തെണ്ണം പെൺകുട്ടികളുടെ സ്‌കൂളുകളാണ്. തലസ്ഥാനമായ ജയ്‌പൂരിൽ മാത്രം 38 സ്‌കൂളുകൾക്ക് കെട്ടിടമില്ല. കൂടാതെ 2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യവും 1,049 ഇടങ്ങളിൽ കുടിവെള്ള സൗകര്യവുമില്ല.
അതിനിടെ, ജയ്‌പൂരിലെ കൻവാർപുരയിലുള്ള ഒരു സർക്കാർ സ്കൂളിൽ പരിശോധന നടത്താൻ പോയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സഹ-കൺവീനർ അശുതോഷ് റങ്കയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെ ആക്രമണമുണ്ടായി. ഒരു കാലിത്തൊഴുത്തിലാണ് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നതെന്ന ആരോപണവും ഉയർന്നുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് സി.ജെ.പി ആരോപിച്ചു. ആക്രമിക്കപ്പെട്ട വാഹനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് സി.ജെ.പി നേതാവ് അഭിജീത് ദിപ്കെ പോലീസിനും സംസ്ഥാന ഭരണകൂടത്തിനുമെതിരെ എക്‌സിലൂടെ (X) രംഗത്തെത്തി.
















