കോട്ടയം:
സമൂഹ നന്മയ്ക്കായി പ്രവർത്തിക്കുന്നവർ ദൈവത്തിൻ്റെ ചൈതന്യം പകർന്നു നൽകുന്നവരാണെന്ന് കെ.സി.ബി.സി.യുടെ ജസ്റ്റിസ്, പീസ് ആൻ്റ് ഡവലപ്മെൻ്റ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ പ്രസ്താവിച്ചു. കേരളാ സോഷ്യൽ സർവ്വീസ് ഫോറത്തിൻ്റെ നാല്പത്തഞ്ചാമത് വാർഷിക പൊതുയോഗം കോട്ടയം ആമോസ് സെൻ്ററിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കേരള സർക്കാരിൻ്റെ പുതിയ സാമൂഹ്യ ഇടപെടലുകളായ സ്ത്രീകൾക്കായുള്ള ഇന്ദിരാഗാരണ്ടി സൗജന്യ ബസ് യാത്രാ പദ്ധതി, ഓപ്പറേഷൻ തൂഫാൻ എന്നിവ അഭിനന്ദനാർഹമാണെന്നും അഭിപ്രായപ്പെട്ടു. വൈസ് ചെയർമാൻ ബിഷപ്പ് ജോസ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. കൂടാതെ
കെ.എസ്.എസ്.എഫ് വാർഷിക റിപ്പോർട്ട് പ്രകാശനം നിർവഹിച്ചു. ദീപിക- കെ എസ് എസ് എഫ് സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘നല്ല മണ്ണിൽ നന്മ വീട്’ പദ്ധതിയുടെ ലോഗോയും ചടങ്ങിൽ പ്രകാശനം ചെയ്തു.
കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ, ദീപിക മാനേജിങ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെ എസ് എസ് എഫ് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഫാ. റൊമാൻസ് ആന്റണി, ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ, ജോയിൻ്റ് സെക്രട്ടറി ഫാ. തോമസ് മടുക്കമൂട്ടിൽ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ഫാ. ജേക്കബ് മാവുങ്കൽ വാർഷിക റിപ്പോർട്ടും പ്രവർത്തന മിനിറ്റുകളും അവതരിപ്പിച്ചു. ഫിനാൻസ് ഓഫീസർ ജെസ്വിൻ ജോസ് 2025-26 സാമ്പത്തിക വർഷത്തെ കണക്കുകൾ അവതരിപ്പിച്ചു.
ആറു വർഷക്കാലം കെ.എസ്.എസ്.എഫിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ഫാ. ജേക്കബ് മാവുങ്കൽ ഔദ്യോഗികമായി സ്ഥാനമൊഴിയുകയും പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി ഫാ. ഡോ. സാബ്ബാസ് ഇഗ്നേഷ്യസ് ചുമതലയേൽക്കുകയും ചെയ്തു.
ചടങ്ങിൽ ഫാ. മുത്തോലത്ത് ഫൗണ്ടേഷൻ നർച്ചർ ഇക്കോളജി അവാർഡ് 2026 ചാസ് ചങ്ങനാശ്ശേരിക്കും, ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രിഗോറിയോസ് മികച്ച വാർഷിക റിപ്പോർട്ട് അവാർഡ് 2024-25 നിഡ്സ് നെയ്യാറ്റിൻകരക്കും, സ്പെഷ്യൽ വാർഷിക റിപ്പോർട്ട് അവാർഡ് എച്ച് ഡീ എസ് ഇടുക്കി, സി ഓ ഡി താമരശ്ശേരിക്കും എന്നിവ വിതരണം ചെയ്തു.
തുടർന്ന് നടന്ന സെഷനുകളിൽ കാലാവസ്ഥാ വ്യതിയാനത്തിൽ സമൂഹ പങ്കാളിത്തവും എൻ.ജി.ഒ.കളുടെ പങ്കും
എന്ന വിഷയത്തിൽ കെ എസ് സി എസ് ടി ഇ ഡയറക്ടർ ഡോ. കെ. രാജേന്ദ്രനും, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പ്രത്യേക സെഷനിൽ കാരിത്താസ് ഇന്ത്യയുടെ ദേശീയ പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഹരിദാസ് വി.ആറും പ്രഭാഷണം നടത്തി. സേഫ് വിതിൻ കോർഡിനേറ്റർ സജോ ജോയ് നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെ യോഗം സമാപിച്ചു.















