ഡൽഹി: ക്രൈസ്തവ വിശ്വാസികൾക്കെതിരെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമണങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമു ആശങ്ക രേഖപ്പെടുത്തി. ഏപ്രിൽ പതിമൂന്നാം തീയതി രാഷ്ട്രപതി ഭവനിൽ ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോയുടെ നേതൃത്വത്തിലുള്ള ക്രൈസ്തവ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദ്രൗപതി മുർമു തന്റെ ആശങ്ക പങ്കുവെച്ചത്. മെത്തഡിസ്റ്റ്, പ്രൊട്ടസ്റ്റന്റ് മേലദ്ധ്യക്ഷന്മാരും, മൈക്കിൾ വില്യംസ്, ടെഹ്മിന അറോറ തുടങ്ങിയ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകളും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു. ഭരണഘടനാപരമായി ഏറ്റവും ഉന്നത പദവിയിൽ ഇരിക്കുന്നയാൾ എന്ന നിലയിൽ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളിൽ നടപടിയുണ്ടാകുമെന്ന് രാഷ്ട്രപതി ഉറപ്പുനൽകി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്ന പീഡനങ്ങൾ അരമണിക്കൂർ നീണ്ട ചർച്ചയിൽ ക്രൈസ്തവ പ്രതിനിധി സംഘം രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ സംബന്ധിക്കുന്ന വാർത്തകൾ താൻ വായിക്കാറുണ്ടെന്നും, എന്നാൽ ഏതാനും ചില ആളുകൾ മാത്രമാണ് ഇതിന് പിന്നിലെന്ന് താൻ വിശ്വസിക്കുന്നതായും ദ്രൗപതി മുർമു മറുപടിയായി പറഞ്ഞു. ക്രൈസ്തവിരുദ്ധ പീഡനങ്ങളുടെ കണക്കുകൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് ക്രൈസ്തവ നേതാക്കൾ രാഷ്ട്രപതിക്ക് കൈമാറി. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ നിരീക്ഷിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം 2022ൽ 21 സംസ്ഥാനങ്ങളിലായി 598 ക്രൈസ്തവ വിരുദ്ധ അക്രമണങ്ങളാണ് നടന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision