പാലാ: തിരഞ്ഞെടുപ്പ് ആവേശമൊഴിഞ്ഞതോടെ പാലാ ജനറൽ ആശുപത്രി വീണ്ടും അവഗണനയിലേക്ക്. ആശുപത്രിയിൽ രാത്രികാലങ്ങളിൽ എത്തുന്ന രോഗികളുടെ എണ്ണം വർധിച്ചിട്ടും ചികിത്സിക്കാൻ മതിയായ ഡോക്ടർമാരില്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി 10 മണി മുതൽ രോഗികളുടെ വലിയ തിരക്കാണ് ആശുപത്രിയിൽ അനുഭവപ്പെട്ടത്. എന്നാൽ അത്യാഹിത വിഭാഗത്തിലടക്കം ഡ്യൂട്ടിയിലുണ്ടായിരുന്നത് ഒരു ഡോക്ടർ മാത്രമായിരുന്നു. വാർഡിലെ രോഗികളെ നോക്കാനും അത്യാഹിത വിഭാഗത്തിലെ തിരക്ക് നിയന്ത്രിക്കാനും ഒരാൾക്ക് സാധിക്കാത്ത അവസ്ഥയാണിവിടെ.
ഏകദേശം 25-ഓളം രോഗികൾ ക്യൂവിൽ നിൽക്കുമ്പോഴാണ് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രിയിൽ എത്തിച്ചത്. ഡ്യൂട്ടി ഡോക്ടർ മറ്റൊരു വാർഡിൽ രോഗിയെ പരിശോധിക്കാൻ പോയ സമയമായതിനാൽ, ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് കൃത്യസമയത്ത് ചികിത്സ നൽകാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തു. രോഗികളുടെ ദീനവിലാപങ്ങൾ ഉയർന്നിട്ടും പരിമിതമായ ജീവനക്കാരെ വെച്ച് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ആശുപത്രി അധികൃതർ.

















