സീറോ മലബാര്‍ സമുദായ ശക്തീകരണ സമ്മേളനം 15 ന് (ഞായറാഴ്ച്ച) കടുത്തുരുത്തിയില്‍ നടക്കും. 2026 വര്‍ഷം സീറോ മലബാര്‍ സഭ, സമുദായ ശക്തീകരണ വര്‍ഷമായി ആചരിക്കുന്നതിനോടുനുബന്ധിച്ചാണ് പാലാ രൂപതയിലും സമുദായ ശക്തീകരണ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
മാര്‍ച്ച് എട്ട് മുതല്‍ 22 വരെ തീയതികളിലാണ് രൂപതയിലെ 20 ഫൊറോനാകളെ ആറ് സോണുകളായി തിരിച്ചു സമ്മേളനങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് കടുത്തുരുത്തി, മുട്ടുചിറ, കോതനല്ലൂര്‍ ഫൊറോനാകളുടെ പരിധിയിലെ 22 ഇടവകകളുടെ നേതൃത്വത്തില്‍ 15 ന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി ഇടവകയില്‍ സമ്മേളനം നടക്കുന്നതെന്ന പള്ളിയധികൃതര്‍ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നിന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് നാലിന് മരിയന്‍ കണ്വെന്ഷന് സെന്ററില്‍ പൊതുസമ്മേളനം ആരംഭിക്കും.
ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. വികാരി ജനറാള്‍മാരായ മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍.ജോസഫ് കണിയോടിക്കല്‍, താഴത്തുപള്ളി വികാരി ഫാ.ജോണ്‍ പാളിതോട്ടം തുടങ്ങിയവര്‍ പ്രസംഗിക്കും. ഫൊറോനാ വികാരിമാര്‍, വിവിധ ഇടവകകളില്‍ നിന്നുള്ള വൈദീകര്‍, സിസ്റ്റേഴ്സ്, 22 ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തോടുനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വികാരി ഫാ.ജോണ്‍ പാളിത്തോട്ടം പറഞ്ഞു. കൈക്കാരന്മാരായ ജോസ് ജെയിംസ് നിലപ്പന, സണ്ണി ജോസഫ് ആദപ്പള്ളി, ജോര്‍ജ് ജോസഫ് പാട്ടത്തികുളങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.













