കൊച്ചി: സീറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ തിരഞ്ഞെടുക്കപ്പെട്ടതോടെ വിരാമമായത് മാധ്യമങ്ങളുടെ കുപ്രചരണത്തിന് കൂടിയായിരിന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാന്‍ സിനഡ് സമ്മേളനം ജനുവരി 8നു ആരംഭിച്ചത് മുതല്‍ അഭ്യൂഹങ്ങള്‍ സജീവമായിരിന്നു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിപ്രഖ്യാപനം നടത്തിയതിന്റെ ആരംഭം മുതല്‍ വിവിധ മെത്രാന്മാരുടെ പേരുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഇന്നലെ സിനഡില്‍ വോട്ടെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ കുപ്രചരണം വലിയ രീതിയില്‍ ശക്തി പ്രാപിക്കുകയായിരിന്നു.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെയുള്ള മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ എല്ലാം പുറത്തുവിട്ടത്. ഇത് സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തതോടെ അഭിനന്ദന സന്ദേശങ്ങളും ആശംസകളും അറിയിച്ച് നിരവധി പേര്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കുവാന്‍ തുടങ്ങി. ഇതിനിടെ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിന്മാറിയെന്നും ഉജ്ജയിന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ ഭൂരിപക്ഷത്തോടെ വിജയിച്ചുവെന്ന് മറ്റൊരു പ്രചരണവും വ്യാപിച്ചു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മിനിറ്റുകള്‍ക്കു മുന്‍പും വിവിധ മലയാളം ചാനലുകളുടെ തത്സമയ സംപ്രേക്ഷണത്തിനിടെ ഈ രണ്ടു പേരുകള്‍ മാത്രമാണ് സൂചിപ്പിച്ചിരിന്നത്.സീറോ മലബാര്‍ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ വൈകുന്നേരം 4.30നായിരിന്നു ഔദ്യോഗിക പ്രഖ്യാപനം.
മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ചാന്‍സലര്‍ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ സിനഡു സമ്മേളനത്തിന്റെ അധ്യക്ഷനായിരുന്ന ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിനെ പുതിയ മേജർ ആർച്ചുബിഷപ്പിൻ്റെ പേര് പ്രഖ്യാപിക്കുവാന്‍ സ്വാഗതം ചെയ്തപ്പോഴും മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെയും മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന്റെയും പേരല്ലാതെ മൂന്നാമതൊരു വ്യക്തി മലയാള മാധ്യമങ്ങളുടെ മുന്നില്‍ ഉണ്ടായിരിന്നില്ല.എന്നാല്‍ ഹൃസ്വമായ വാക്കുകളില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടത് മാര്‍ റാഫേല്‍ തട്ടില്‍ പിതാവാണെന്ന് മാർ മാത്യു മൂലക്കാട്ട് പ്രഖ്യാപിച്ചതോടെ ഇല്ലാതായത് മാധ്യമങ്ങളുടെ എക്സ്ക്ലൂസീവ് റിപ്പോര്‍ട്ടുകള്‍ കൂടിയായിരിന്നു. സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള ദൗത്യം പൂര്‍ത്തീകരിച്ചത് പ്രാര്‍ത്ഥനാനിര്‍ഭരമായും പൂര്‍ണ്ണ രഹസ്യാത്മകതയോടെയും ആയിരിന്നുവെന്നതു സാക്ഷ്യപ്പെടുത്തുന്നതായിരിന്നു ഈ പ്രഖ്യാപനം. എക്സിക്ലൂസീവ് വാര്‍ത്തകള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന മലയാള ദൃശ്യ മാധ്യമങ്ങള്‍ക്കു ലഭിച്ച കനത്ത തിരിച്ചടിയായും സീറോ മലബാർ സിനഡ് പ്രഖ്യാപനം മാറിയിട്ടുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision