ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ജ്യോതിബാബുവിന്‍റെ ആരോഗ്യനില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ജ്യോതിബാബുവിന് വൃക്കമാറ്റിവയ്ക്കല്‍ ആവശ്യമാണോയെന്ന് പരിശോധിച്ച് ബോര്‍ഡ് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം.
കണ്ണൂര്‍ മെഡിക്കല്‍ കോളേജിനാണ് നിര്‍ദേശം. റിപ്പോര്‍ട്ടനുസരിച്ച് ജ്യോതിബാബുവിന്‍റെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കും. ആവശ്യമെങ്കില്‍ ജ്യോതിബാബുവിന് മൂന്നുമാസത്തെ ഇടക്കാല ജാമ്യം അനുവദിക്കുമെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്ക്കായി ജാമ്യം നല്‍കണമെന്നാണ് ജ്യോതിബാബുവിന്‍റെ വാദം. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കരുതെന്ന് കെ.കെ.രമയുടെ അഭിഭാഷകന്‍ വാദിച്ചു.












