അവന് ഒരു കായികാഭ്യാസിയായിരുന്നു. അവനെ സംബന്ധിച്ച് വിജയം എന്നാല്‍ മത്സരത്തില്‍ ഒന്നാമതാവുക എന്നതായിരുന്നു. ഒരു ദിവസം അവന്റെ നാട്ടില്‍ ഒരു ഓട്ട മത്സരം നടക്കുകയാണ്. മത്സരം കാണാന്‍ ഒരു വിശിഷ്ട അതിഥിയുണ്ടായിരുന്നു. അടുത്ത ഗ്രാമത്തിലെ ഗുരു. അവനും രണ്ട് ചെറിയ കുട്ടികളും ഓട്ടമത്സരത്തിന് തയ്യാറായി. ആ മത്സരത്തില്‍ അവന്‍ തന്നെ വിജയിച്ചു. കാണികള്‍ എല്ലാവരും കൈയ്യടിച്ചു. പക്ഷേ, ഗുരുവിന്റെ മുഖത്ത് ഒരു സന്തോഷവും കണ്ടില്ല. അവന് ഒപ്പം മത്സരിക്കാനായി ഗുരു കരുത്തരായ രണ്ടുപേരെ കൊണ്ടു വന്നു. പക്ഷേ, ഇത്തവണയും അവന്‍ തന്നെ ജയിച്ചു. ഓരോ ജയത്തിലും അവന്‍ കൂടുതല്‍ കൂടുതല്‍ സന്തോഷവാനായി. കാണികളും കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. അപ്പോഴും ഗുരുവിന്റെ മുഖത്ത് ഒരു സന്തോഷവും കണ്ടില്ല. ഗുരു മൂന്നാമത്തെ തവണ അവനോടൊപ്പം മത്സരിക്കാന്‍ ഒരു വയസ്സായ സ്ത്രീയേയും, അന്ധനായ യുവാവിനേയും കൊണ്ടുവന്നു നിര്‍ത്തി. ഇത്തവണയും അവന്‍ ഓടി ഒന്നാമതെത്തി. തിരിഞ്ഞുനോക്കിയപ്പോള്‍ ആ വയസ്സായ സ്ത്രീയും അന്ധനായ യുവാവും സ്റ്റാര്‍ട്ടിങ്ങ് പോയിന്റില്‍ തന്നെ നില്‍ക്കുകയാണ്. സന്തോഷത്തോടെ കാണികളെ നോക്കിയ അവന്‍ നിരാശനായി. ആരും കയ്യിടിക്കുന്നില്ല. അവന് സങ്കടമായി അവന്‍ ഗുരുവിന്റെ അടുത്തെത്തി. എന്താണ് താന്‍ ജയിച്ചിട്ട് ആരും കയ്യടിക്കാത്തത്? അവന്‍ ചോദിച്ചു. വീണ്ടും മത്സരം നടത്തൂ.. പക്ഷേ ഇത്തവണ മൂന്ന് പേരും ഒരുമിച്ച് ഫിനിഷിങ്ങ് പോയിന്റിലെത്തണം. അവന്‍ വയസ്സായ സ്ത്രീയേയും അന്ധനായ യുവാവിനേയും കൈപിടിച്ച് വളരെ പതുക്കെ നടന്ന് ഫിനിഷിങ്ങ് പോയിന്റില്‍ എത്തി. ഇതു കണ്ട കാണികള്‍ അവനെ കരഘോഷത്തോടെ സ്വീകരിച്ചു. അത് കണ്ട് അവന് കൂടുതല്‍ സന്തോഷവും കൂടുതല്‍ അഭിമാനവും തോന്നി. അവന്‍ ഗുരുവിനോട് ചോദിച്ചു: ഞങ്ങളില്‍ ആര്‍ക്ക് വേണ്ടിയാണ് അവര്‍ കയ്യടിക്കുന്നത്? ഗുരു പറഞ്ഞു: മകനേ, ഇതുവരെ നീ വിജയിച്ച മത്സരങ്ങളേക്കാള്‍ വളരെ തിളക്കമുള്ളതാണ് ഈ വിജയം. ഇതില്‍ അവര്‍ കയ്യടിച്ചത് ഒരു വിജയിക്കും വേണ്ടിയല്ല.. നിന്റെ മനസ്സിന് വേണ്ടിയാണ് നമ്മുടെയൊക്കെ ജീവിതവും ഇതുപോലെ ഒരു ഓട്ടമത്സരമാണ്. മത്സരങ്ങളില്‍ നമ്മള്‍ ഒന്നാമതെത്തുന്നുണ്ടോ എന്നതിലല്ല കാര്യം, ആ ഓട്ടത്തില്‍ നമ്മള്‍ ആരെയൊക്കെ ചേര്‍ത്ത് പിടിക്കുന്നു എന്നതാണ്. നമുക്ക് ഒന്നോര്‍ക്കാം, ജീവിതമെന്ന മത്സരത്തില്‍ നാം ഓടുക തന്നെ വേണം.. പക്ഷേ, വിജയിക്കുക എന്നതല്ല പ്രധാനം, ഈ ഓട്ടത്തില്‍ നാം എങ്ങിനെ പങ്കെടുത്തു എന്നതാണ് – ശുഭദിനം.
ഓട്ടത്തില്‍ നമ്മള്‍ ആരെയൊക്കെ ചേര്‍ത്ത് പിടിക്കുന്നു എന്നതാണ് പ്രധാനം
Date: