കാഞ്ഞിരപ്പള്ളി: കൊലവിളികൾ നിറഞ്ഞ തീവ്രവാദ മുദ്രാവാക്യങ്ങൾ മുഴക്കി രാജ്യത്തിന്റെ മതേതരത്വം തകർക്കുന്ന പ്രവണതകൾക്കെതിരെ സമാധാന ആഹ്വാനവുമായി കാഞ്ഞിരപ്പള്ളി രൂപത എസ്. എം. വൈ. എം. സമാധാന സന്ദേശറാലി നടത്തി. ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴിതുറക്കൂ എന്ന വിശ്വപ്രശസ്ത ഗാനം ആലപിച്ച്, കൈകളിൽ തിരികളേന്തിയാണ് യുവജനങ്ങൾ സമാധാന ആഹ്വാനം നൽകിയത്. സഹിഷ്ണുതയുടെ പര്യായമായ ഹൈന്ദവസംസ്കാരത്തിനും സമാധാന ആശയം ലോകത്ത് പടർത്തിയ ക്രൈസ്തവ സംസ്കാരത്തിനുമെതിരെയുള്ള വെല്ലുവിളി ലോകസംസ്കാരത്തിനെതിരെ തന്നെയുള്ള വെല്ലുവിളിയാണെന്ന് ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ പറഞ്ഞു. മറ്റുമതങ്ങളെ ഇല്ലായ്മ്മ ചെയ്യും എന്ന ആശയം ധ്വനിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ ആർഷഭാരത സംസ്കാരം പടുത്തുയർത്തിയ സഹിഷ്ണുതയുടെ കടയ്ക്കൽ കോടാലി വയ്ക്കുന്ന രീതിയിലുള്ളതാണെന്ന് റാലി ഉത്‌ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് ജോപ്പു ഫിലിപ്പ് പറഞ്ഞു.
ബ്ര.ലിബിൻ, ബ്ര. അജിൽ,ഷോൺ ജോസ്, അലീന മേരി ജേക്കബ്, അഖിൽ മാത്യു, ആൻ മേരി ജോർജ് എന്നിവർ പ്രസംഗിച്ചു.


