🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
മാർച്ച് 29,2023 ബുധൻ 1198 മീനം 15
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
വാർത്തകൾ
🗞🏵 ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ച 18 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി. ചില കമ്പനികളോട് നിർമാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും 26 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഗുണനിലവാരമില്ലാത്ത മരുന്ന് ഇന്ത്യന്‍ കമ്പനികള്‍ വിദേശത്ത് വിറ്റതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യത്ത് നടത്തിയ വ്യാപക പരിശോധനയ്ക്ക് പിന്നാലെയാണ് ഡ്രഗ്സ് കണ്‍ട്രോളറുടെ നടപടി.
🗞🏵 പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. മുന്നു മാസം കൂടിയാണ് സമയം നീട്ടി നൽകിയത്.ജൂണ്‍ 30നുള്ളില്‍ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമായേക്കാം. നേരത്തെ മാര്‍ച്ച് 30 ആയിരുന്നു അവസാനതീയതി.
🗞🏵 യുക്രെയ്നില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അവസാനവർഷ പരീക്ഷ എഴുതാൻ അവസരം നൽകാമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. യുക്രെയ്നില്‍ നിന്ന് മടങ്ങിയ വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രം രൂപീകരിച്ച സമിതിയുടേതാണ് തീരുമാനം.
🗞🏵 പതിയെപ്പതിയെ വയസ്സന്മാരുടെ രാജ്യമായി മാറുകയാണു ചൈന. പ്രായമായ ചൈനക്കാർ, തിരിഞ്ഞുനോക്കാൻ മക്കൾ പോലുമില്ലാതെ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ ഏകാന്തജീവിതം നയിക്കുന്നു. ഒറ്റക്കുട്ടി നയം കർശനമായി നടപ്പിലാക്കിയതാണു ചൈനയുടെ ജനസംഖ്യാവളർച്ച ഇപ്പോൾ വൻ ഇടിവിലേക്കെത്തിച്ചത്. യുവാക്കളുടെയും കുട്ടികളുടെയും എണ്ണം കുത്തനെ കുറഞ്ഞിരിക്കുന്നു. തലസ്ഥാനമായ ബെയ്ജിങ്ങിൽ 2003നു ശേഷം ഇതാദ്യമായി ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയ വാർത്തയും അതിനിടെ പുറത്തെത്തി. ജനനനിരക്കിനെ മരണനിരക്ക് കടത്തിവെട്ടുകയും ചെയ്തു. ചൈനയിൽ 60 വയസ്സിനു മുകളിലുള്ളവരിൽ ബഹുഭൂരിപക്ഷവും കോവിഡനന്തര രോഗങ്ങളുടെ പിടിയിലാണ്.
🗞🏵 സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ കേസെടുത്തു. മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാതയുടെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. കേരളത്തിലെ മാർക്സിസ്റ്റ് വനിതാ നേതാക്കളെല്ലാം തടിച്ചു കൊഴുത്തു… കാശടിച്ചു മാറ്റി… തടിച്ചു കൊഴുത്തു പൂതനകളായി അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്’’ എന്നായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന
🗞🏵 കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ സ്‌പെയിനിലെ മുസ്ലീം ജനസംഖ്യ പത്തിരട്ടി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. സ്‌പെയിനിലെ മുസ്ലീം ജനസംഖ്യ 2.5 ദശലക്ഷം കവിഞ്ഞതായി സ്‌പെയിനിലെ ഇസ്ലാമിക് കമ്മീഷന്‍ സെക്രട്ടറിയാണ് വ്യക്തമാക്കിയത്. ഔദ്യോഗിക രേഖകള്‍ പ്രകാരം 2.5 ദശലക്ഷവും അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഏകദേശം 3 ദശലക്ഷത്തോളം മുസ്ലീങ്ങളും സ്‌പെയിനില്‍ താമസിക്കുന്നുണ്ടെന്ന് ഇസ്ലാമിക് കമ്മീഷന്‍ സെക്രട്ടറി മുഹമ്മദ് അജാന പറഞ്ഞു.സ്‌പെയിനിലെ ക്രിസ്ത്യന്‍ മതവിശ്വാസികളില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
🗞🏵 അമേരിക്കൻ അതിർത്തിക്ക് സമീപത്തുള്ള ക്വിദാദ് യുവാരെസ് പട്ടണത്തിലെ അഭയാർഥി ക്യാമ്പിൽ തീപിടിച്ച് 39 പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു.
അമേരിക്കയിലേക്ക് കുടിയേറാനുള്ള അപേക്ഷ സമർപ്പിച്ച ശേഷം ഔദ്യോഗിക ക്യാമ്പിൽ പ്രവേശിപ്പിക്കപ്പെട്ട ലാറ്റിൻ അമേരിക്കൻ വംശജരാണ് മരണപ്പെട്ടത്
🗞🏵 തടവിലാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഓംഗ് സാംഗ് സൂചിയുടെ രാഷ്ട്രീയ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയെ(എൻഎൽഡി) പിരിച്ചുവിടാനൊരുങ്ങി മ്യാൻമർ സൈന്യം. മാർച്ച് 28-ന് മുമ്പായി കർശന നിബന്ധനകൾ പാലിച്ചുള്ള പുനർ രജിസ്ട്രേഷൻ പ്രക്രിയയ്ക്ക് രാജ്യത്തെ എല്ലാ പാർട്ടികളും വിധേയമാകണമെന്ന് സൈന്യം ഉത്തരവിട്ടിരുന്നു. നിശ്ചിത എണ്ണം ഓഫീസുകളുടെ രേഖകൾ, ഔദ്യോഗിക അംഗങ്ങളുടെ പട്ടിക എന്നിവ ഹാജരാക്കിയാൽ മാത്രമാകും പാർട്ടികൾക്ക് സൈന്യം അംഗീകാരം നൽകുക.
🗞🏵 ശബരിമല തീർത്ഥാടകർ അപകടത്തിൽപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്ന് തീർത്ഥാടകർ വ്യക്തമാക്കി. മുതിർന്നവർക്കൊപ്പം കുട്ടികളും വണ്ടിയിലുണ്ടായിരുന്നുവെന്നും റോഡിന് വലതു വശത്തേക്കാണ് ബസ് മറിഞ്ഞതെന്നും ഇവർ വ്യക്തമാക്കി. ബസിന്റെ വലതു വശത്തിരുന്നവർക്കാണ് പരിക്കേറ്റതെന്നും തീർത്ഥാടകർ അറിയിച്ചു.
🗞🏵 പുതിയതായി രൂപം കൊണ്ട ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ഗ്രൂപ്പുകൾക്ക് മുന്നാക്ക സമുദായമെന്ന പദവി നൽകാനാകില്ലെന്ന് കേരളസർക്കാർ. സർക്കാർ രൂപീകരിച്ച സ്റ്റാറ്റ്യൂട്ടറി കമ്മീഷന്റേതാണ് തീരുമാനം. പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക സമുദായങ്ങൾ എന്നീ കമ്മ്യൂണിറ്റികളിൽ നിന്ന് മതംമാറിയവരാണ് ഇത്തരം ഗ്രൂപ്പുകളിലെ അംഗങ്ങളിലേറെയുമെന്ന് വ്യക്തമാക്കുന്നു.എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽപ്പെടാത്ത സമുദായങ്ങളെ മുന്നാക്ക സമുദായങ്ങൾ എന്ന് വിളിക്കാമെന്നാണ് സർക്കാർ പറയുന്നത്.
🗞🏵 സംസ്ഥാന സർക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന അഞ്ച് കിലോ അരി വീതം വിതരണം ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള 28 ലക്ഷത്തോളം വിദ്യാർത്ഥികൾക്കാണ് അരി വിതരണം ചെയ്യുന്നത്. വിതരണത്തിന് ആവശ്യമായ അരി സപ്ലൈകോ നേരിട്ട് സ്‌കൂളുകളിൽ എത്തിക്കുന്ന നടപടികൾ പുരോഗമിക്കുന്നതായി അറിയിച്ചു.
🗞🏵 ചെങ്ങന്നൂരിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് രണ്ട് വിദ്യാർഥികൾക്കും അധ്യാപികയ്ക്കും പരിക്ക്. കിഴക്കേനട സർക്കാർ യു.പി സ്‌കൂളിലാണ് അപകടം നടന്നത്. കുട്ടികളെ വിളിക്കാനെത്തിയ രണ്ട് രക്ഷിതാക്കൾക്കും നിസാര പരിക്കേറ്റു. ഓടിട്ട സ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് വൻമരം വീഴുകയായിരുന്നു.
🗞🏵 കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച് സ്‌കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകളും പരസ്യങ്ങളും ഇനി മുതൽ വേണ്ടെന്ന് ബാലാവകാശ കമ്മീഷൻ. മത്സരബുദ്ധി സൃഷ്ടിക്കുന്ന രീതിയിൽ കുട്ടികളുടെ ഫോട്ടോ വച്ച് ബോർഡുകൾ ഉയർത്തുന്നത് മറ്റ് കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായി കമ്മീഷൻ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്.
🗞🏵 ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്. സംസ്ഥാന വ്യാപകമായാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ഹെൽത്ത് വെൽത്ത് എന്ന പേരിലായിരുന്നു പരിശോധന നടത്തിയത്.ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ വിറ്റഴിക്കാൻ ഉത്പാദകർക്ക് കച്ചവടക്കാർക്കും ഉദ്യോഗസ്ഥർ കൂട്ട് നിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
🗞🏵 കോടതി അയോഗ്യനാക്കിയ പ്രതിഷേധങ്ങൾക്കിടെ മഹാരാഷ്ട്രാ വികാരം മാനിക്കാതെ വീര സവർക്കറെ അധിക്ഷേപിച്ചു കൊണ്ടുള്ള രാഹുലിന്റെ പ്രവൃത്തിക്കെതിരെ വിവിധ പാർട്ടികളിലെ നിരവധി നേതാക്കൾ രംഗത്തെത്തി. ഇത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ മുംബൈയിൽ രാഹുലിനെതിരെ പ്രക്ഷോഭം ശക്തമാകുമെന്നാണ് സൂചനകൾ
🗞🏵 എംപി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ രാഹുലിന് നല്‍കിയിട്ടുള്ള സുരക്ഷ വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിലവില്‍ ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്നത്. പുതിയ സ്ഥലത്തേക്ക് താമസം മാറുന്നതോടെ സുരക്ഷയുടെ കാര്യത്തില്‍ സിആര്‍പിഎഫ് അവലോകനം നടത്തുകയാണ്
🗞🏵 ഈയിടെ അരിയില്‍ നടത്തിയ ഒരു ഗവേഷണം നല്‍കുന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതകളാണ്. ഒരു പുതിയ പഠനമനുസരിച്ച്, അരി ശരിയായി പാകം ചെയ്തില്ലെങ്കില്‍ അത് അപകടകരവും അനാരോഗ്യകരവുമാണ്. ഇത് കാന്‍സറിന് കാരണമാകുകയും ചെയ്യും. അരിയില്‍ രാസവസ്തുക്കളുടെ മായം കലര്‍ത്തലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. പൂര്‍ണമായും വേവിക്കാത്ത അരി ഭക്ഷണമായി കഴിക്കുന്നത് കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും
🗞🏵 രാജ്യത്ത് 2022-23 സാമ്പത്തിക വർഷത്തിലെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ഇപിഎഫ്ഒ. റിപ്പോർട്ടുകൾ പ്രകാരം, പലിശ നിരക്കിൽ 0.5 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ, പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 8.15 ശതമാനം പലിശ ലഭിക്കും. നിലവിൽ, നിക്ഷേപങ്ങൾക്ക് 8.10 ശതമാനം പലിശയാണ് നൽകുന്നത്.
🗞🏵 യുപി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. മദ്രസ അദ്ധ്യാപകര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായം കഴിഞ്ഞ അഞ്ചു വര്‍ഷമായി യോഗി സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ഒവൈസി പറഞ്ഞു. എന്നാല്‍ ഹിന്ദു ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ ധന സഹായം നല്‍ന്നുണ്ടെന്നും വിവേചനത്തോടെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും ഒവൈസി ആരോപിച്ചു.
🗞🏵 രാഹുല്‍ ഗാന്ധി വീണ്ടും കര്‍ണാടകയിലെ കോലാറിലേക്ക്. അടുത്തമാസം അഞ്ചിന് കോലാറിലെ പ്രതിഷേധ പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. കോലാര്‍ പ്രസംഗത്തിന്റെ പേരില്‍ അയോഗ്യനായതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി വീണ്ടും കോലാറിലെത്തുന്നത്.
🗞🏵 യുവ ഐപിഎസുകാരന്‍ കട്ടിംഗ് പ്ലയര്‍ കൊണ്ട് പല്ലുകള്‍ പിഴുതെടുത്തുവെന്നും രണ്ട് പേരുടെ വൃഷണം ചതച്ചുവെന്നും ആരോപണം. തമിഴ്നാട്ടിലെ അംബാസമുദ്രം പൊലീസ് ഡിവിഷനിലാണ് സംഭവം. അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് (എഎസ്പി) ബല്‍വീര്‍ സിംഗ് ഐപിഎസിനെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിവാഹ തര്‍ക്കവുമായി ബന്ധപ്പെട്ട് പിടികൂടിയ 10 ബന്ധുക്കളോടാണ് ബല്‍വീര്‍ സിംഗ് ക്രൂരമായി പെരുമാറിയത്.
🗞🏵 നടി തപ്‌സി പന്നുവിനെതിരെ നിയമനടപടി. മതവികാരം വ്രണപ്പെടുത്തി, ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്ന കേസാണ് താരത്തിനെതിരെ വന്നിരിക്കുന്നത്. ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കണ്‍വീനറുമായ ഏകലവ്യ സിംഗ് ഗൗര്‍ ആണ് തപ്‌സിക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്.
🗞🏵 മനോഹരൻ്റെ ദുരന്തം മനസ്സിന് വലിയ മുറിവേറ്റ സംഭവമാണെന്നും മരണത്തിന് ഉത്തരവാദി ആരായാലും ശിക്ഷിക്കപ്പെടണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അവരുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹൃദയസ്തംഭനമെന്ന രീതിയിൽ കേസിനെ കൊണ്ടുപോകാൻ പൊലീസ് ശ്രമിക്കുകയാണെന്നും കെ സുധാകരൻ ആരോപിച്ചു.
🗞🏵 എറണാകുളം ടൗൺ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന രണ്ട് അന്യസംസ്ഥാനക്കാർ പിടിയിലായി. അസം നാഗോൺ സ്വദേശികളായ മുസാഹറുൾ ഹക്ക് (ഛോട്ടൂ), ജമീറൂൾ ഹക്ക് (കരീം ലാലാ) എന്നിവരാണ് എറണാകുളം IB വിഭാഗത്തിന്റെയും സിറ്റി റേഞ്ചിന്റെയും സംയുക്തമായ നീക്കത്തിൽ പിടിയിലായത്.
🗞🏵 അപമര്യാദയായി പെരുമാറിയെന്ന് അഭിഭാഷക പരാതിപ്പെട്ട ജില്ലാ ജഡ്ജിയെ സ്ഥലംമാറ്റി. ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ. അനിൽകുമാറിനെയാണ് സ്ഥലം മാറ്റിയത്. പാലാ മോട്ടോർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജിയായിട്ടാണ് സ്ഥലംമാറ്റിയിരിക്കുന്നത്.
🗞🏵 ലക്ഷങ്ങൾ വിലമതിക്കുന്ന ‘കസ്തൂരി’ ( മസ്ക് ) വില്പന നടത്തുന്നതിനിടെ വീട്ടുടമ അടക്കം നാലുപേരെ വനം വകുപ്പ് പിടികൂടി. വീട്ടുടമ പുത്തൻതോട് സ്വദേശി ശിവജി, ഒല്ലൂർ സ്വദേശി വിനോദ്, ചെങ്ങമനാട് സ്വദേശി അബൂബക്കർ, മാള സ്വദേശി സുൽഫി എന്നിവരാണ് പിടിയിലായത്.
🗞🏵 കാനഡയിൽ ഇന്ത്യൻ വംശജൻ കനേഡിയൻ പൗരനെ കുത്തിക്കൊന്നു. വാൻകൂവറിലുള്ള സ്റ്റാർബക്സ് കഫേയ്ക്ക് മുന്നിൽവച്ച് പോൾ സ്റ്റാൻലി ഷ്മിറ്റ്(37) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇന്ദർദീപ് സിംഗ് ഗോസൽ(32) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
🗞🏵 പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെ ഇസ്മയിലി മുസ്ലിം സെന്ററിൽ നടന്ന കത്തിയാക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു.ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. വലിയ കത്തിയുമായെത്തിയ അക്രമി കണ്മുന്നിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. അക്രമിയെ പോലീസ് വെടിവച്ചു വീഴ്ത്തിയ ശേഷം അറസ്റ്റ് ചെയ്തു.
🗞🏵 പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ ജാമിയ മിലിയ സർവകലാശാലയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ വിദ്യാർഥി നേതാവ് ഷർജീൽ ഇമാം ഉൾപ്പെടെ പ്രതികളെ കുറ്റവിമുക്തമാക്കിയത് ഭാഗികമായി റദ്ദാക്കി ഡൽഹി ഹൈക്കോടതി. സഫൂറ സർഗാർ, ആസിഫ് തൻഹ അടക്കമുള്ള പതിനൊന്ന് പേരെ വെറുതെ വിട്ട ഡൽഹി സാകേത് കോടതിയുടെ നടപടിയാണ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കിയത്.
🗞🏵 മാർപാപ്പയ്ക്കും, വൈദികർക്കും, സന്യസ്തർക്കും എതിരെ വിവാദ പരാമർശം നടത്തിയ വിശ്വഹിന്ദു പരിഷത്ത് നേതാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ ഗാന്ധിനഗർ ആർച്ച് ബിഷപ്പ് തോമസ് മക്‌വാൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രപാൽ പട്ടേലിന് കത്തെഴുതി. മാർച്ച് 19നു നടന്ന ഒരു പരിപാടിയിലാണ് കത്തോലിക്കരെ അപമാനിക്കുന്ന വിധത്തിലുള്ള വളരെ മോശകരമായ പരാമർശം വിശ്വഹിന്ദു പരിഷത്ത് നേതാവ് നടത്തിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഉടനെ തന്നെ ചര്‍ച്ചയാകുകയായിരിന്നു. കന്യാസ്ത്രീകൾ വ്രതം എടുക്കുമ്പോൾ അവർ മാർപാപ്പയാണ് വിവാഹം ചെയ്യുന്നതെന്ന് പറയുന്ന നേതാവ്, ഇത് വ്യഭിചാരവുമായി ബന്ധപ്പെടുത്തിയും പ്രസ്താവന നടത്തി.
🗞🏵 ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്ഷം ആചരിക്കുന്ന ആരാധനാ ക്രമ വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി ആരാധനക്രമ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഇടവക/മിഷൻ /പ്രൊപ്പോസഡ് മിഷൻ തലങ്ങളിൽ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത്. ഇതിൽ യോഗ്യത നേടുന്നവർക്ക്, തുടർന്ന് ഓൺലൈൻ ആയി നടക്കുന്ന റീജിയണൽ തല മത്സരത്തിലും അതേ തുടർന്ന് രൂപതാതലത്തിൽ നവംബർ 25 ന് ഫൈനൽ മത്സരവും നടക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപതയുടെ പ്രതിവാര ന്യൂസ് ബുള്ളറ്റിനായ ദനഹായിലും സോഷ്യൽ മീഡിയ പേജുകളിലും ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് ഇടവക, റീജിയണൽ തലങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുക.
🗞🏵 പ്രതീക്ഷയറ്റ് പോകുന്ന ജീവിത ജീവിതത്തില്‍ സർവ്വത്ര അന്ധകാരം, വേദനയും നിരാശയും കാണുമ്പോള്‍ യേശു നമ്മുടെ ഒപ്പമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുമായി ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച (26/03/23) വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കു മുന്നോടിയായി വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ചുകൂടിയ വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ലാസറിൻറെ പുനരുത്ഥാനം അടിസ്ഥാനമാക്കിയുള്ള വചനഭാഗത്തെ കേന്ദ്രീകരിച്ചായിരിന്നു പാപ്പയുടെ സന്ദേശം.