🗞🏵 പാലാ വിഷൻ ന്യൂസ് 🗞🏵
ഏപ്രിൽ 12, 2023 ബുധൻ 1198 മീനം 29
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
വാർത്തകൾ
🗞🏵 ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള ബന്ധമാണ് ഉക്രെയിൻ ആഗ്രഹിക്കുന്നതെന്ന് ഉക്രെയിൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിൻ ധപറോവ. റഷ്യയ്‌ക്കൊപ്പം നിൽക്കുക എന്നത് ചരിത്രത്തിന്റെ തെറ്റായ ഭാഗത്താണെന്നാണ് അർത്ഥമാക്കുന്നതെന്നും പാകിസ്ഥാനുമായുള്ള ഉക്രെയിനിന്റെ ബന്ധം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമല്ലെന്നും പാകിസ്ഥാനുമായുള്ള സൈനിക ബന്ധം മൂന്ന് പതിറ്റാണ്ട് മുമ്പാണ് ആരംഭിച്ചതെന്നും ധപറോവ വ്യക്താമാക്കി.
🗞🏵 ആണവശേഷി വർധിപ്പിക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ. യുദ്ധസന്നാഹങ്ങൾ വിലയിരുത്താൻ സൈനികമേധാവികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഈ പ്രഖ്യാപനം. തിങ്കളാഴ്ച ചേർന്ന ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമീഷൻ യോഗത്തിൽ രാജ്യത്തിന്റെ ആക്രമണശേഷിയും യുദ്ധസന്നാഹങ്ങളും കിം ജോംഗ് ഉൻ വിലയിരുത്തിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
🗞🏵 കെട്ടിടനിർമാണത്തിന് തദ്ദേശസ്ഥാപനങ്ങളിൽ ഒടുക്കേണ്ട എല്ലാ ഫീസും കൂട്ടിയതിനുപിന്നാലെ ഇനി നിർമിക്കുന്നവയ്ക്കുള്ള അടിസ്ഥാനനികുതിനിരക്കും വർധിപ്പിച്ചു. ഗ്രാമപ്പഞ്ചായത്തുകളിൽ നിലവിൽ വീടുകൾക്ക് ചതുരശ്രമീറ്ററിന് ഈടാക്കിയിരുന്ന ഏറ്റവും കുറഞ്ഞതും കൂടിയതുമായ അടിസ്ഥാനനിരക്ക് മൂന്നുമുതൽ എട്ടുരൂപ വരെയായിരുന്നു.ഇത് ആറു മുതൽ പത്തു രൂപവരെയാക്കി
🗞🏵 കേരളത്തില്‍ ഏറ്റവുമധികം തീര്‍ത്ഥാടകരെത്തുന്ന ശബരിമലയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള പ്രാഥമിക അനുമതികളെല്ലാം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമല്ല, അവ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി നല്‍കുന്ന ഭരണസംസ്‌കാരമാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
🗞🏵 മ്യാൻമറിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 53 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 15 സ്ത്രീകളും നിരവധി കുട്ടികളും ഉണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. സൈനിക സർക്കാരിനെ എതിർക്കുന്ന വടക്ക്-പടിഞ്ഞാറൻ സാഗിംഗ് മേഖലയിലെ ഗ്രാമത്തെ ലക്ഷ്യമിട്ടായിരുന്നു ചൊവ്വാഴ്ചത്തെ ആക്രമണം.
🗞🏵 മദ്യത്തിന്റെ വില വർധിപ്പിച്ചിട്ടും കുടികുറയുന്നില്ലെന്ന് കണക്കുകൾ. ഈസ്റ്റർ തലേന്ന് വിറ്റഴിച്ചത് 87 കോടിയുടെ വിദേശമദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 13.28 കോടിയുടെ വർധനയാണ് ഉണ്ടായത്. ബെവറേജസിന്റെ ചാലക്കുടി ഔട്ട്ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്.
🗞🏵 സംസ്ഥാനത്ത് വിവിധ സർവകലാശാലകളിലും സർക്കാർ, എയ്ഡഡ് കോളജുകളിലും അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി 50 വയസാക്കി. സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും, ട്രെയിനിംഗ് കോളജുകളിലും, ലോ കോളജുകളിലും, സംസ്കൃത കോളജുകളിലും, അറബിക് കോളജുകളിലും, വിവിധ സർവകലാശാലകളിലും അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധിയാണ് 50 വയസായി നിശ്ചയിച്ച് ഉത്തരവായത്. നിലവിൽ ഇവിടെയെല്ലാം 40 വയസാണ് അധ്യാപക നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി.
🗞🏵 കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 189 സീറ്റുകളിലേക്കാണ് പാർട്ടി സ്ഥാനാർഥികളെ നിശ്ചയിച്ചത്. നിരവധി സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നഷ്ടമായപ്പോൾ കോൺഗ്രസിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും കൂടുമാറി എത്തിയവർക്ക് കൈനിറയെ അവസരം ലഭിച്ചു.
🗞🏵 ശബരിമലയിലെ കുത്തക കരാറുകളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ശബരിമലയിലെ കഴിഞ്ഞ വര്‍ഷം നല്‍കിയ പാര്‍ക്കിങ്, നാളികേരം, കച്ചവട സ്ഥാപനങ്ങളുടെ ലേലം തുടങ്ങിയ കരാര്‍ ഇടപാടുകളിലാണ് അന്വേഷണം. കേസ് വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.
🗞🏵 സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ എംഎൻ സ്മാരകം പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നു. പത്തുകോടി ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടത്തിന്റെ നിർമ്മാണം ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൂമുഖവും ലൈബ്രറി മുറിയും അസിസ്റ്റന്റ് സെക്രട്ടറിമാരുടെ മുറിയും നിലനിര്‍ത്തി പിന്നിലേക്കുളള ഭാഗം പൊളിച്ചുമാറ്റും. അവിടെ എല്ലാ അധുനിക സൗകര്യങ്ങളോടും കൂടി ബഹുനില കെട്ടിടം നിർമിക്കാനാണ് പദ്ധതി.
🗞🏵 ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ പിഴയടക്കാൻ കൊച്ചി കോർപ്പറേഷന് ഹൈക്കോടതി സാവകാശം നൽകി. തീപിടിത്തത്തെ തുടർന്ന് 100 കോടി രൂപയാണ് പിഴ ചുമത്തിയത്. ഈ തുക അടയ്ക്കാൻ രണ്ട് മാസത്തെ സാവകാശമാണ് ഹൈക്കോടതി നീട്ടി നൽകിയത്. കോർപ്പറേഷന്റെ ആവശ്യം പരിഗണിച്ചാണ് ഹൈക്കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
🗞🏵 ദേശീയ പാർട്ടി പദവി നഷ്ടമായതിലൂടെ സിപിഐക്കുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടം അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം നഷ്ടമാകും എന്നതാണ്. രാജ്യത്ത് ആദ്യ പൊതുതെരഞ്ഞെടുപ്പ് മുതൽ സിപിഐ ഉപയോഗിക്കുന്ന ചിഹ്നമാണ് ധാന്യക്കതിരും അരിവാളും. സിപിഐ മാത്രമായിരുന്നു ആദ്യ പൊതു തെരഞ്ഞെടുപ്പ് മുതൽ ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ തുടർച്ചയായി ഒരേ ചിഹ്നത്തിൽ തന്നെ മത്സരിച്ചിരുന്നത്. ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമാണ് സിപിഐയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ധാന്യക്കതിർ അരിവാളിന് അവകാശപ്പെടാനുള്ളത്.
വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിലും തമിഴ്നാട്ടിലും മാത്രമാകും സിപിഐക്ക് ധാന്യക്കതിർ അരിവാൾ ചിഹ്നത്തിൽ മത്സരിക്കാനാകുക.
🗞🏵 ഇന്ത്യയുടെ വടക്കും തെക്കും പുതുതായി സ്ഥാപിച്ച ഹൈവേകളിലൂടെ കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക് താമസിയാതെ ഡ്രൈവ് ചെയ്യാമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അടുത്ത വര്‍ഷത്തോടെ പുതിയ റോഡ് ഉപയോഗത്തിന് തയ്യാറാകുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ സോജില ടണലിന്റെ സര്‍വേയ്ക്കിടെയാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.
🗞🏵 ഇന്ത്യയില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറയുന്നവരോട് ചോദ്യം ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. മുസ്ലീം മതസ്ഥര്‍ക്ക് ഇന്ത്യ ജീവിക്കുവാന്‍ ബുദ്ധിമുട്ടുള്ള രാജ്യമാണെങ്കില്‍ പിന്നെ എങ്ങനെയാണ് മുസ്ലീം ജനസംഖ്യ ഇന്ത്യയില്‍ വര്‍ധിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി ചോദിക്കുന്നു. ഇന്ത്യയില്‍ മുസ്ലീം ജനത പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ അവരുടെ സാധാരണ ജീവിതമാണ് തുടുന്നത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം മുസ്ലീം ജനസംഖ്യ രാജ്യത്ത് വര്‍ധിക്കുകയാണ് ചെയ്തതെന്നും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.
🗞🏵 2027- ഓടെ ഇന്ത്യ ലോകത്തിലെ 3-ാം സമ്പദ് വ്യവസ്ഥയായി മാറുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ. ഇന്ത്യ-ഫ്രാൻസ് ബിസ്സിനസ് സമ്മേളനത്തിൽ ഫ്രാൻസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി വളർന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
🗞🏵 അസമിലെ നാൽബാരി ജില്ലയിലെ രാംപൂർ മാർക്കറ്റിൽ വൻ തീപിടുത്തം. മാർക്കറ്റിലെ വസ്ത്ര വ്യാപാരശാലയിൽ നിന്നാണ് ആദ്യം തീ പടർന്നത്. ഉടൻ തന്നെ ഇരുപതോളം അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തുകയും, തീ അണയ്ക്കുകയുമായിരുന്നു. സ്ഥലത്ത് പോലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. നിലവിൽ, എട്ടിലധികം കടകൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
🗞🏵 ലോകത്തിൽ ഏറ്റവും കൂടുതൽ കടുവകൾ ഉള്ളത് മധ്യ ഇന്ത്യയിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ദേശീയ കടുവാ സെൻസെക്സ് അനുസരിച്ച്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ മേഖലകളിലാണ് കടുവകൾ ഏറ്റവും കൂടുതൽ ഉള്ളത്. രാജ്യത്ത് കടുവകളുടെ സംരക്ഷണത്തിനായി പ്രധാന പങ്കുവഹിക്കുന്ന സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്രയും, മധ്യപ്രദേശും. അതേസമയം, സംസ്ഥാനം തിരിച്ചുളള കടുവകളുടെ എണ്ണം പുറത്തുവിട്ടിട്ടില്ല.
🗞🏵 ബെംഗളൂരു നഗരത്തിന്റെ ഹൃദയഭാഗത്ത് 116 ചതുരശ്ര അടി സ്ഥലം വാടകയ്ക്കെടുത്ത് ആഗോള ടെക് ഭീമനായ ആപ്പിൾ. ബെംഗളൂരുവിലെ കബ്ബൻ റോഡിന് സമീപത്തുള്ള സ്ഥലമാണ് കമ്പനി വാടകയ്ക്ക് എടുത്തത്. 2022 നവംബർ 28- ന് ഇതുമായി ബന്ധപ്പെട്ടുള്ള കരാർ ചർച്ചകൾ ആരംഭിച്ചിരുന്നു. ഈ വർഷം ജൂലൈ ഒന്ന് മുതലാണ് വാടക കരാർ ആരംഭിക്കുക. പത്ത് വർഷത്തേക്കാണ് സ്ഥലം വാടകയ്ക്ക് എടുത്തിരിക്കുന്നത്. പ്രതിമാസം 2.43 കോടി രൂപയാണ് ആപ്പിൾ വാടകയായി നൽകേണ്ടത്.
🗞🏵 കോഴിക്കോട് ട്രെയിൻ ആക്രമണ കേസ് പ്രതി ഷാരൂഖ് സൈഫിയുടെ വീട്ടിൽ പരിശോധന നടത്തി പോലീസ്. ഷഹീൻ ബാഗിലെ വീട്ടിലാണ് കേരളാ പോലീസ് പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് എസ് പി എം ജെ സോജന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യമായാണ് വീട്ടിൽ പരിശോധന നടത്തിയത്.
🗞🏵 റോസ്ഗര്‍ മേളയുടെ ഭാഗമായി 71,000 ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി മോദി നല്‍കും. ഏപ്രില്‍ 13ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ഉദ്യോഗാര്‍ത്ഥികളെ അഭിസംബോധന ചെയ്യുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.
🗞🏵 രാജ്യത്ത് ഈ വർഷം സാധാരണ അളവിൽ മൺസൂൺ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ലഭിക്കുന്ന മഴ ദീർഘകാല ശരാശരിയുടെ 90 ശതമാനമായിരിക്കും. ഇതോടെ, കർഷകർക്ക് വൻ പ്രതീക്ഷയാണ് നൽകുന്നത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ 18 ശതമാനത്തോളമുളള കാർഷിക മേഖല മൺസൂൺ മഴയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
🗞🏵 എന്റെ സഹോദരന് സംഭവിച്ചത് ഒരു സൂചന മാത്രമാണ്. ഏകാധിപത്യത്തിലേക്ക് നാം നീങ്ങുന്നുവെന്നതിന്റെ സൂചന. കേന്ദ്രത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഏത് എതിര്‍ ശബ്ദത്തെയും നിശബ്ദമാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
🗞🏵 റമ്മി ഉൾപ്പെടെയുള്ള ഓൺലൈൻ ചൂതാട്ട മത്സരങ്ങൾക്ക് പൂട്ടിടാൻ തമിഴ്നാട് സർക്കാർ. ഇതിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ അവതരിപ്പിച്ച ഓൺലൈൻ ചൂതാട്ട നിരോധന ബിൽ ഗവർണർ ഒപ്പിട്ടു. മാസങ്ങളായി അംഗീകാരം നൽകാതിരുന്ന ബില്ലിലാണ് ഇത്തവണ ഗവർണർ ഒപ്പുവെച്ചത്. 2022 സെപ്തംബർ 26-നാണ് സൈബർ ചൂതാട്ടങ്ങൾ നിരോധിക്കാനുള്ള ഓർഡിനൻസിന് തമിഴ്നാട് മന്ത്രിസഭ അംഗീകാരം നൽകിയത്.
🗞🏵 കള്ളനോട്ടു കേസില്‍ അറസ്റ്റിലായ എടത്വാ കൃഷി ഓഫീസര്‍ ആയിരുന്ന ജിഷമോള്‍ മൊയ്തീന് ജയിലിലും പരമാനന്ദമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിനോടു ചേര്‍ന്നുള്ള വനിതാ ജയിലില്‍ ആണ് ജിഷമോളെ പാര്‍പ്പിച്ചിരിക്കുന്നത്.
🗞🏵 വിൽപനക്ക് കൊണ്ടുവന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. താമരശ്ശേരി രാരോത്ത് അറക്കൽ വീട്ടിൽ റിജാസ് (30), കോടഞ്ചേരി അടിവാരം നൂറാംതോട് തടത്തരിക്കാത്ത് സാബിത്ത് (26), കൽപറ്റ മുണ്ടേരി ചെറ്റക്കണ്ടി അജ്മൽ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈത്തിരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
🗞🏵 പ്രവാസി യുവാവു പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി 5 ദിവസം കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ചു പൊലീസിനു വ്യക്തമായ സൂചനയില്ല. ഇതോടെ, പ്രതികൾക്കായുള്ള തിരച്ചിൽ ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. അക്രമിസംഘത്തിൽ ഉൾപ്പെട്ടവരുടെ രേഖാചിത്രം തയാറാക്കുന്ന നടപടികളും തുടങ്ങി. തട്ടിക്കൊണ്ടു പോയി 5 ദിവസം കഴിഞ്ഞിട്ടും സംഘത്തിൽപെട്ടവർ മുഹമ്മദ് ഷാഫിയുടെ വീട്ടുകാരെ ബന്ധപ്പെടാത്തതിലും ദുരൂഹതയുണ്ട്.
ഹവാല, സ്വർണ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിയെടുക്കുകയെന്ന ലക്ഷ്യമാവാം ഇതിനു പിന്നിലെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
🗞🏵 ഭാവിയില്‍ ബഹിരാകാശ യുദ്ധം ഉണ്ടാകാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് സംയുക്ത സേനാ മേധാവി (സിഡിഎസ്) ജനറല്‍ അനില്‍ ചൗഹാന്‍. ബഹിരാകാശത്ത് നിലവില്‍ നടക്കുന്ന സൈനികവല്‍ക്കരണം ഇതിന്റെ മുന്നോടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര, കടല്‍, ആകാശം, സൈബര്‍ രംഗം എന്നിങ്ങനെ എല്ലാ മേഖലകള്‍ക്കും മേല്‍ ആധിപത്യം ബഹിരാകാശത്തിനുണ്ടെന്നും അതുകൊണ്ട് തന്നെ അത്തരത്തിലൊരു നീക്കം കരുതിയിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 വിശുദ്ധ വാരത്തിൽ നൈജീരിയയിൽ നൂറിനടുത്ത് ക്രൈസ്തവ വിശ്വാസികൾ ഇസ്ലാമിക തീവ്രവാദികളുടെ അക്രമണങ്ങൾക്ക് ഇരയായി കൊല്ലപ്പെട്ടു. ബെന്യൂ സംസ്ഥാനത്ത് മാത്രം കുറഞ്ഞത് 94 ക്രൈസ്തവർക്കെങ്കിലും വിശുദ്ധ വാരത്തിൽ ജീവൻ നഷ്ടമായെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രിൽ രണ്ടാം തീയതി ലോഗോ കൗണ്ടിയിൽ ഓശാന തിരുനാൾ തിരുകർമ്മങ്ങളുടെ സമയത്ത് ആയുധധാരികൾ ഒരു പെന്തക്കോസ്ത് ആരാധനാലയത്തിലേക്ക് ഇരച്ചു കയറുകയും ഒരു കുട്ടിയെ കൊലപ്പെടുത്തിയതിനു ശേഷം, ദേവാലയത്തിലെ പാസ്റ്ററിനെയും, ഏതാനും വിശ്വാസികളെയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു. മൂന്നു ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ അഞ്ചാം തീയതി കത്തോലിക്ക വിശ്വാസികള്‍ തിങ്ങിപാര്‍ക്കുന്ന ഉത്തോക്ക്പോ കൗണ്ടിയിലെ ഉമോഗിഡി ഗ്രാമത്തിലെ 50 പേരെ ആയുധധാരികൾ കൊലപ്പെടുത്തി.
🗞🏵 യുക്രൈന്‍ മണ്ണിലുള്ള റഷ്യന്‍ അധിനിവേശം ഒരു വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ ജനങ്ങളെ വിവിധ രീതികളില്‍ സഹായിച്ചുകൊണ്ട് യുക്രൈനില്‍ തുടരുന്ന സ്പാനിഷ് കത്തോലിക്ക വൈദികനായ ഫാ. പെഡ്രോ സഫ്ര, കത്തോലിക്കാ വാര്‍ത്താമാധ്യമമായ അലീറ്റിയക്ക് നല്‍കിയ അഭിമുഖം ശ്രദ്ധ നേടുന്നു ലഭിച്ച ജീവനെ ഓര്‍ത്ത് ഓരോ ദിവസവും ദൈവത്തോട് നന്ദി പറയാറുണ്ടെന്നും അവിശ്വാസികള്‍ വരെ ദൈവത്തിലേക്ക് തിരിയുന്ന കാഴ്ചകള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിവസം ചെല്ലുംതോറും യുക്രൈനിലെ ദൈനംദിന ജീവിത കഠിനമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ പലായനമാണ് യുക്രൈന്‍ ജനതയുടേത്. ഏതാണ്ട് 60 ലക്ഷത്തോളം പേര്‍ ആഭ്യന്തരമായി ഭവനരഹിതരായിട്ടുണ്ട്
🗞🏵 ആഫ്രിക്കയില്‍ നടത്തിയ വിവിധങ്ങളായ വികസന പദ്ധതികള്‍ കണക്കിലെടുത്ത് മൂന്ന്‍ കത്തോലിക്ക കന്യാസ്ത്രീകള്‍ക്ക് ആഫ്രിക്കന്‍ ഡയാസ്പോര നെറ്റ്‌വര്‍ക്കിന്റെ (എ.ഡി.എന്‍) ന്റെ ‘ബില്‍ഡേഴ്സ് ഓഫ് ആഫ്രിക്കാസ് ഫ്യൂച്ചര്‍ (ബി.എ.എഫ്) 2022’ അവാര്‍ഡ്. 1971-ല്‍ സാംബിയയിലെ മോണ്‍സെ രൂപതയില്‍ സ്ഥാപിതമായ സിസ്റ്റേഴ്സ് ഓഫ് ദി ഹോളി സ്പിരിറ്റ് സമൂഹാംഗമായ സിസ്റ്റര്‍ ജൂണ്‍സാ ക്രിസ്റ്റബേല്‍ മവാങ്ങാനി, ഉഗാണ്ടയിലെ ഡോട്ടേഴ്സ് ഓഫ് ചൈല്‍ഡ് ജീസസ് സമൂഹാംഗമായ സിസ്റ്റര്‍ ഫ്രാന്‍സസ് കബാഗാജു, ഉഗാണ്ടയിലെ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ് ഫ്രാന്‍സിസ് സമൂഹാംഗമായ സിസ്റ്റര്‍ റോസ് തുമിത്തോ എന്നിവരാണ് അവാര്‍ഡിനു അര്‍ഹരായിരിക്കുന്നത്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision