പാലാ: സാമൂഹ്യ പ്രവർത്തകയും പരിസ്ഥിതി സംരക്ഷകയുമായ മേധാ പട്കർ പാലാ അൽഫോൻസാ കോളേജിൽ പ്രഭാഷണം നടത്തും. കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന റവ. ഡോ. ജോസ് ജോസഫ് പുലവേലിൽ മെമ്മോറിയൽ പ്രഭാഷണ പരമ്പരയുടെ രണ്ടാം പതിപ്പിലാണ് മേധാ പട്കർ പങ്കെടുക്കുന്നത്.
2025 ഒക്ടോബർ 9 വ്യാഴാഴ്ച രാവിലെ 10.30-ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി. “ജനാധിപത്യ വികസനത്തിന് പുതുതലമുറ നേരിടുന്ന വെല്ലുവിളികൾ” എന്ന വിഷയത്തെ അധികരിച്ചാണ് അവർ സംസാരിക്കുന്നത്. വിവിധ കലാലയങ്ങളിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നുമായി ആയിരത്തിലധികം അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രഭാഷണം കേൾക്കാനെത്തും.
പ്രഭാഷണ പരമ്പരയുടെ ലക്ഷ്യം
കോളേജിന്റെ മുൻ ബർസാറും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്ന റവ. ഡോ. ജോസ് ജോസഫ് പുലവേലിലിന്റെ സ്മരണാർത്ഥമാണ് ഇംഗ്ലീഷ് വിഭാഗം ഈ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്. വ്യത്യസ്ത പ്രവർത്തന മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭ വ്യക്തിത്വങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താനും അവരുമായി നേരിട്ട് സംവദിക്കുവാനും അവസരം ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2024 സെപ്റ്റംബറിൽ ഡോ. ശശി തരൂർ എം.പി. ആയിരുന്നു ആദ്യ പ്രഭാഷണം നടത്തിയത്.
ചടങ്ങ്: പ്രമുഖർ പങ്കെടുക്കും
പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോളേജ് ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സോണിയ സെബാസ്റ്റ്യൻ, ലെഫ്റ്റനന്റ് അനു ജോസ്, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഗ്ലോബൽ യൂത്ത് പ്രസിഡന്റ് ഫെലിക്സ് പടിക്കമ്യാലിൽ എന്നിവർ സംസാരിക്കും.
അൽഫോൻസാ കോളേജ്: മികവിൻ്റെ ആറ് പതിറ്റാണ്ടുകൾ
അക്കാദമിക രംഗത്തെ ജീവസുറ്റതാക്കാൻ ഇംഗ്ലീഷ് വിഭാഗം നടത്തുന്ന ഇത്തരം ക്രിയാത്മകമായ ഇടപെടലുകൾ വിദ്യാർത്ഥികളെ സാമൂഹിക-മാനുഷിക വിഷയങ്ങളിൽ പ്രബുദ്ധരാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഒളിമ്പ്യൻ സിനി ജോസ്, ചലച്ചിത്രതാരം മിയ ജോർജ് ഉൾപ്പെടെയുള്ള പൂർവ്വ വിദ്യാർത്ഥിനികളാൽ സമ്പന്നമാണ് ഈ വിഭാഗം.
60 വർഷങ്ങൾക്കുമുമ്പ് ഭാഗ്യസ്മരണാർഹനായ സെബാസ്റ്റ്യൻ വയലിൽ പിതാവ് മുന്നോട്ടുവെച്ച വനിതാ കോളേജ് എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് അൽഫോൻസാ കോളേജ്. ഷൈനി വിൽസൺ, പ്രീജാ ശ്രീധരൻ, സിനി ജോസ് എന്നീ മൂന്ന് ഒളിമ്പ്യന്മാരെയും ഷൈനി, പ്രീജാ, പത്മിനി തോമസ് എന്നിവരിലൂടെ മൂന്ന് അർജുന അവാർഡ് ജേതാക്കളെയും രാജ്യത്തിന് സംഭാവന ചെയ്ത ഏക കലാലയമാണ് അൽഫോൻസ.
അക്കാദമിക് രംഗത്തും കോളേജ് മികവ് പുലർത്തുന്നു. ഇക്കഴിഞ്ഞ എം.ജി. യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ 29 റാങ്കുകൾ ഉൾപ്പെടെ മികച്ച വിജയമാണ് കോളേജ് നേടിയത്.
ഇത്തരത്തിലുള്ള പരിപാടികൾ കുട്ടികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുവാനും ഉത്തരവാദിത്വമുള്ള പൗരന്മാരായി വളരുവാനും സഹായിക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിസ്റ്റർ മിനിമോൾ മാത്യു, വൈസ് പ്രിൻസിപ്പൽമാർ, ബർസാർ, ഇംഗ്ലീഷ് വിഭാഗം മേധാവി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.