കാരുണ്യത്തിന്റെ മിഷനറിമാരായ കൊച്ചുസഹോദരിമാർ എന്ന സന്ന്യാസസഭയിലെ അംഗങ്ങളുടെ പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, തങ്ങളുടെ സഭാസ്ഥാപകൻ മുന്നോട്ടുവച്ച കാരുണ്യസ്‌നേഹത്തിൽ വളർന്ന് മുന്നോട്ടുനീങ്ങാൻ ആഹ്വാനം ചെയ്തു.
ഇറ്റാലിയൻ വൈദികനായിരുന്ന ഫാ. ലൂയിജി ഒറിയോണെ 1915 ജൂൺ 29-ന് സ്ഥാപിച്ച കാരുണ്യത്തിന്റെ മിഷനറിമാരായ കൊച്ചുസഹോദരിമാർ എന്ന സന്ന്യാസസഭയിലെ നേതൃനിരയെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, സഭാസ്ഥാപകൻ മുന്നോട്ടുവച്ചിരുന്ന ആശയങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കി ജീവിക്കാനും മെച്ചപ്പെട്ട സേവനം ചെയ്യാനും ആഹ്വാനം ചെയ്തു. തങ്ങളുടെ സമൂഹത്തിന്റെ പതിമൂന്നാമത് പൊതുചാപ്റ്റർ നടക്കുന്ന വേളയിലാണ് പരിശുദ്ധപിതാവുമൊത്തുള്ള ഒരു കൂടിക്കാഴ്ചയ്ക്കായി സന്ന്യാസസഭാപ്രതിനിധികൾ വത്തിക്കാനിലെത്തിയത്.
മാതൃമനോഭാവത്തോടെ, ദൈവത്തിന്റെയും സഭയുടെയും കാരുണ്യപ്രവർത്തനങ്ങൾ സ്വന്തമാക്കാനാണ് ഫാ. ഒറിയോണെ, താൻ സ്ഥാപിച്ച സന്ന്യാസസഭാംഗങ്ങളെ ഉദ്ബോധിപ്പിച്ചത് എന്ന് ഓർമ്മിപ്പിച്ച പാപ്പാ, അതിനായി, യേശുവിനോട് ചേർന്ന് ജീവിക്കുക, സഹോദരങ്ങളോട് സമീപസ്ഥരായിരിക്കുക, സേവനത്തിൽ കർമ്മോൽത്സുകരായിരിക്കുക എന്നീ മൂന്ന് മാർഗ്ഗങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു എന്ന് അനുസ്മരിച്ചു
എല്ലാം ഏകനേതാവായ ക്രിസ്തുവിലേക്ക്.തിരികെ കൊണ്ടുവരിക, എന്ന ലക്ഷ്യത്തിലേക്ക് എത്താൻ, എല്ലാ പ്രവർത്തനങ്ങളുടെയും വേരായി ക്രിസ്തുവുമായുള്ള ഐക്യം ഉണ്ടാകേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇതിനായി ക്രിസ്തുവിൽ ജീവിക്കുക എന്നതാണ് പ്രധാനമെന്ന് പറഞ്ഞ പാപ്പാ, നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ ക്രിസ്തുവിനെ അനുവദിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുകയെന്ന് വ്യക്തമാക്കി. യേശുവിനോടുള്ള മൃദുവും, തീവ്രവുമായ നിങ്ങളുടെ സ്നേഹം മറ്റുള്ളവർക്ക് പകർന്നുകൊടുക്കുകയാണ് ചെയ്യേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നത്, എന്ന യേശുവിന്‍റെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട്, ക്രിസ്‌തുവുമായുള്ള കണ്ടുമുട്ടൽ എന്ന രീതിയിൽ നിങ്ങളുടെ സേവനം തുടരുകയെന്ന് പാപ്പാ ആഹ്വാനം ചെയ്തു. നിങ്ങളുടെ സേവനങ്ങളിൽ മാതൃസ്നേഹത്തിന്റെ ഊഷ്മളത ഉണ്ടാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.
ആവശ്യമുള്ള മനുഷ്യർക്ക് സേവനം ചെയ്യുന്നതിൽ കുറവുവരുത്തരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അമ്മ മക്കളോടെന്നപോലെയും വിശുദ്ധ ലൂയിജി ഒറിയോണെയെപ്പോലെയും മറ്റുള്ളവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക എന്ന ആശംസകളോടെയാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website http://pala.vision