കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യ ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും. ജിസിഡിഎ ആവശ്യപ്പെട്ട തുക തിങ്കളാഴ്ച അടക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ സത്യവാങ്മൂലം നൽകി. ഇത് ജിസിഡിഎ അംഗീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്.
സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കാത്തതിനെ തുടർന്ന് സ്റ്റേഡിയത്തിൽ നിന്ന് ഇന്ത്യൻ കോച്ചുൾപ്പടെയുള്ളവരെ ജിസിഡിഎ പുറത്താക്കിയിരുന്നു. ഇന്ത്യ ഹോങ്കോങ് മത്സരം കലൂർ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച തന്നെ നടക്കുമോ എന്ന ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്.
ജിസിഡിഎ ആവശ്യപ്പെട്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് 25 ലക്ഷം രൂപ തിങ്കളാഴ്ച അടക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ സത്യവാങ്മൂലം നൽകി. ഇത് ജിസിഡിയെ അംഗീകരിച്ചു. സ്റ്റേഡിയത്തിന്റെ വാടകയായ മൂന്നു ലക്ഷത്തി അമ്പത്തിനാലായിരം രൂപ കഴിഞ്ഞദിവസം കെഎഫ്എ അടച്ചിരുന്നു.















