പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും കർദ്ദിനാൾ സംഘവും അസാധാരണ കൺസിസ്റ്ററിയിൽ. ജനുവരി ഏഴ്, എട്ട് തീയതികളിലായി വത്തിക്കാനിൽ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ, സഭാപരമായ രേഖകൾ, സഭയുടെ മിഷനറി സ്വഭാവം, കൂരിയയുടെ പ്രാധാന്യം,
പ്രാദേശികസഭകളുമായുള്ള ബന്ധം, സിനഡാത്മകത, ആരാധനക്രമം തുടങ്ങിയ വിവിധ വിഷയങ്ങൾ വിചിന്തനം ചെയ്യപ്പെടും. പ്രത്യേകമായി, “എവഞ്ചേലി ഗൗദിയും” , “പ്രെദിക്കാത്തെ എവഞ്ചേലിയും” എന്നീ പ്രമുഖ രേഖകൾ വിചിന്തനങ്ങളിൽ പ്രത്യേക സ്ഥാനം പിടിക്കും.
ലിയോ പതിനാലാമൻ പാപ്പാ വിളിച്ചുകൂട്ടുന്ന ആദ്യ അസാധാരണ കൺസിസ്റ്ററിയാണ് ഇതെന്ന പ്രത്യേകതയും ഈ സംഗമത്തെ സവിശേഷമാക്കി മാറ്റുന്നുണ്ട്. വത്തിക്കാനിലെ സിനഡ് ഹാളിൽ ബുധനാഴ്ച വൈകുന്നേരം നാലുമണിക്കാണ് കൺസിസ്റ്ററി ഔദ്യോഗികമായി ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ 9.30-നായിരിക്കും രണ്ടാം ദിനത്തിലെ പ്രഥമ സമ്മേളനം.












