വാർത്താ ചുരുക്കം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുഖ്യമന്ത്രിക്ക് എന്ത് ബന്ധമാണുള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ (SIT) സി.പി.ഐ.എമ്മിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും ഏജന്റുമാരുണ്ടെന്ന് സതീശൻ ആരോപിച്ചു.അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിച്ച വിവരം അന്വേഷണ സംഘം ചോർത്തി നൽകിയപ്പോൾ, കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത വിവരം നാല് ദിവസം കഴിഞ്ഞാണ് പുറത്തറിഞ്ഞതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയിലെ കൊടിമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹൈക്കോടതി നിയോഗിച്ച കമ്മീഷന്റെ സാന്നിധ്യത്തിലാണ് നടന്നത്. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇതിനെ അഭിനന്ദിച്ചിട്ടുള്ളതാണെന്നും, അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്നും സതീശൻ പറഞ്ഞു.
ഹൈക്കോടതി നിർദേശ പ്രകാരമുള്ള അന്വേഷണത്തെ എതിർക്കുന്നില്ലെന്നും സത്യം പുറത്തുവരട്ടെയെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.












