പ്രകൃതിയോടുള്ള സ്നേഹവും അതിന്റെ അടിസ്ഥാനത്തിൽ പ്രകൃതി ചികിത്സയും കണ്ടെത്തി അനേകർക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിന് സഹായിച്ച ഒരു ധിഷണാശാലിയാണ് ബഹു. തോമസ് മാളിയേക്കലച്ചനെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് അനുസ്മരിച്ചു. ബഹുമാനപ്പെട്ട മാളിയേക്കലച്ചൻ സ്ഥാപിച്ച പ്രകൃതി ചികിത്സാരീതി ഇന്നും വിജയകരമായി മൂഴിക്കുളത്തെ പ്രകൃതി ചികിത്സാകേന്ദ്രത്തിൽ നടന്നുവരുന്നു എന്നുള്ളത് അദ്ദേഹം കണ്ടെത്തിയ ചികിത്സാവരീതി വിജയകരമായിരുന്നു എന്നതിന് തെളിവാണ്. അദ്ദേഹം ഈ ചികിത്സാരീതി തുടങ്ങിയതിനൊപ്പം കേരളത്തിൽ പലയിടങ്ങളിലായി പ്രകൃതിചികിത്സാ വിധികൾ നടപ്പിൽ വന്നിട്ടുണ്ടെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
മള്ളുശ്ശേരിയിലെ സാധുസേവനസഭ, മൂഴിക്കുളത്തെ പ്രകൃതി ചികിത്സാലയം എന്നിവ സ്ഥാപിച്ച ബഹു. ഫാ. തോമസ് മാളിയേക്കൽ തികച്ചും ഭാരതീയ ശൈലിയിൽ പ്രാർത്ഥനാ ജീവിതവും സന്ന്യാസതുല്യമായ ലളിത ജീവിതവും നയിച്ചിരുന്ന ഒരു ഇടവക വൈദികനായിരുന്നു. എറണാകുളം-അങ്കമാലി അതിരൂപത വൈദികനായ ഫാ. തോമസ് 1938ൽ ചേർത്തല ചാലിൽ സേക്രഡ് ഹാർട്ട് ഇടവക മാളിയേക്കൽ തോമാ-ഏലിക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ചു. 1966ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പ്രകൃതി ജീവനുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും എഴുതുകയും ക്ലാസുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. പ്രകൃതി ചികിത്സാവിഭാഗത്തിൽ ഏറെ വൈദഗ്ധ്യമുള്ള ആളായിരുന്നു ബഹു. തോമസ് അച്ചൻ. സർക്കാരുകൾ അംഗൻവാടി എന്ന സംവിധാനം കൊണ്ടുവരുന്നതിന് അനേകവർഷങ്ങൾ മുൻപേ, മള്ളുശ്ശേരി ഇടവകയിൽ ബാലവാടി എന്ന സംരംഭം കൊണ്ടുവന്ന ക്രാന്തദർശിയായിരുന്നു ഈ വൈദികൻ. മള്ളുശ്ശേരി പ്രദേശത്തെ കർഷകർക്ക് ജലസേചന സൗകര്യത്തിനുവേണ്ടി അച്ചന്റെ നേതൃത്വത്തിൽ ജലജീവൻ ഇറിഗേഷൻ പ്രൊജക്റ്റ് നടപ്പിലാക്കിയിരുന്നു. വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനുമായി അനേകം പദ്ധതികൾ അച്ചൻ നടപ്പിലാക്കിയിട്ടുണ്ട്. ജാതി-മതഭേദമന്യേ ഇടവകയിലെയും അയൽ ഇടവകകളിലെയും പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അച്ചൻ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
.