കോട്ടയം : ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഷു – ഈസ്റ്റർ ചന്തയ്ക്കു തുടക്കം. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ ആരംഭിച്ച ചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് ആദ്യ വിൽപന സ്വീകരിച്ചു. മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ നിന്നുള്ള മുട്ട 5.50 രൂപ നിരക്കിലും കുടുംബശ്രീ സംഘ കൃഷി ഗ്രൂപ്പുകളുടെ കാർഷിക ഉത്പന്നങ്ങൾ, കുടുംബശ്രീ സംരഭങ്ങളുടെ തനത് ഉത്പന്നങ്ങളായ കറിപൗഡറുകൾ, മസാല പൊടികൾ, അച്ചാറുകൾ എന്നിവയും വിഷു – ഈസ്റ്റർ ചന്തയിൽ ലഭ്യമാണ്. വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച് ആരംഭിച്ച ചന്ത ജില്ല പഞ്ചായത്തങ്കണത്തിൽ സ്ഥിരം വിപണന കേന്ദ്രമാക്കാനും ആലോചിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിഷു- ഈസ്റ്റർ വിപണിയോട് അനുബന്ധിച്ചുള്ള വില വർധന തടയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വിപണന കേന്ദ്രം കളക്ടറേറ്റിലും ജില്ലാ പഞ്ചായത്തിലും എത്തുന്നവർക്ക് ഉപകാരപ്പെടും.
ജില്ലാ പഞ്ചായത്തങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ് ശരത്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി ,പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസി ഷാജൻ, വികസന കാര്യസ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്തംഗങ്ങൾ, മണർകാട് പൗൾട്രി ഫാം അസിസ്റ്റന്റ് ഡയറക്ടർ ഡോ.പി.കെ. മനോജ് കുമാർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.