ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ബൈബിള്‍ പാരായണം നടത്തും
ബ്രിട്ടീഷ് ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയും, ഹിന്ദു മതവിശ്വാസിയുമായ ഋഷി സുനാക്, ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ ബൈബിള്‍ വായിക്കും. പുതിയ നിയമത്തിലെ വിശുദ്ധ പൗലോസ് ശ്ലീഹാ കൊളോസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്നുള്ള ഭാഗമാണ് പ്രധാനമന്ത്രി വായിക്കുക. മറ്റന്നാള്‍ മെയ് 6-ന് വെസ്റ്റ്മിന്‍സ്റ്റര്‍ അബ്ബിയില്‍വെച്ച് നടക്കുന്ന കിരീടധാരണത്തിന്റെ ഔദ്യോഗിക ആരാധനാക്രമം സംബന്ധിച്ചു കാന്റര്‍ബറി മെത്രാപ്പോലീത്താ കാര്യാലയം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

രാഷ്ട്രത്തിന്റെ ഔദ്യോഗിക ചടങ്ങുകളില്‍ രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ ബൈബിള്‍ വായിക്കുന്ന പതിവുണ്ട്. ഇതനുസരിച്ചാണ് ഋഷി സുനാക് ബൈബിള്‍ വായിക്കുക. ഇതാദ്യമായി ഇതര മതവിശ്വാസികളും കിരീടധാരണ ചടങ്ങില്‍ സജീവ പങ്കാളിത്തം വഹിക്കുമെന്ന് കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബിയുടെ ഔദ്യോഗിക കാര്യാലയമായ ലാംബെത്ത് പാലസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സജീവ ഹിന്ദു മതവിശ്വാസിയായ ഋഷി സുനാക് ബൈബിള്‍ വായിക്കുന്നത് ചടങ്ങിന്റെ ബഹുസ്വരതയെ എടുത്തുക്കാട്ടുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. കിരീടധാരണത്തിന് ”സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന” വാക്യം ഉള്‍പ്പെടെ മറ്റുള്ളവരെ സേവിക്കുന്നതിന്റെ പ്രാധാന്യവും, എല്ലാ സൃഷ്ടികള്‍ക്കും മേലുള്ള ക്രിസ്തുവിന്റെ ആധിപത്യവും എടുത്തുകാട്ടുന്ന സുവിശേഷ വാക്യങ്ങളാണ് (കൊളോസി: 1:9-17) കാന്റര്‍ബറി മെത്രാപ്പോലീത്ത തിരഞ്ഞെടുത്തിരിക്കുന്നത്.
ബ്രിട്ടീഷ് രാജാക്കന്‍മാരുടെ കിരീടധാരണ ചടങ്ങുകള്‍ക്ക് വേണ്ട ആരാധനാക്രമം കാന്റര്‍ബറി മെത്രാപ്പോലീത്ത തയ്യാറാക്കുകയെന്നത് വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു പാരമ്പര്യമാണ്. “സേവിക്കുവാനായി വിളിക്കപ്പെട്ടിരിക്കുന്നു” എന്നതാണ് ശുശ്രൂഷ പരിപാടികളുടെ പ്രധാന പ്രമേയം. ചാള്‍സ് രാജാവിന്റെ അമ്മയായ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം നടന്ന 1953-ന് ശേഷം ‘യു.കെ’യില്‍ വന്നിട്ടുള്ള മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കും ശുശ്രൂഷകകളെന്നും ലാംബെത്ത് പാലസിന്റെ അറിയിപ്പില്‍ പറയുന്നു.
ഇതാദ്യമായി രാജാവിനുള്ള അധികാരചിഹ്നങ്ങള്‍ നല്‍കുന്നത് ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗങ്ങളായിരിക്കും. ക്രിസ്തീയമല്ലാത്ത ചിഹ്നങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഹിന്ദുവിശ്വാസത്തെ പ്രതിനിധീകരിച്ചുകൊണ്ട് ലോര്‍ഡ് നരേന്ദ്ര ബാബുഭായി പട്ടേല്‍ അധികാര മോതിരവും, സിഖ് വിശ്വാസത്തെ പ്രതിനിധീകരിച്ച് ലോര്‍ഡ് ഇന്ദ്രജിത്ത് സിംഗ് കിരീടധാരണ കൈയുറയും, ഇസ്ലാമിനെ പ്രതിനിധീകരിച്ച് ലോര്‍ഡ് സയദ് കമാല്‍, കാപ്പും നല്‍കും. കിരീടധാരണത്തിന് സാക്ഷ്യം വഹിക്കുവാന്‍ ആയിരങ്ങള്‍ വെസ്റ്റ്‌മിനിസ്റ്റര്‍ അബ്ബിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision