പാലാ രൂപതയുടെ നേതൃത്വത്തിൽ സമുദായ ശക്തീകരണ സമ്മേളനം സംഘടിപ്പിച്ചു; മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു
പാലാ: ക്രൈസ്തവ മൂല്യങ്ങളിലും ഐക്യത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പാലാ രൂപതയുടെ വിവിധ ഫൊറോനകളുടെ സംയുക്താഭിമുഖ്യത്തിൽ ‘സമുദായ ശക്തീകരണ സമ്മേളനം’ സംഘടിപ്പിച്ചു. പാലാ വലിയപള്ളി സെൻറ് തോമസ് കത്തീഡ്രൽ അങ്കണത്തിൽ നടന്ന സമ്മേളനം പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. സമുദായത്തിന്റെ ഉന്നമനത്തിനായി വിശ്വാസികൾ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ച് അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
പാലാ വലിയപള്ളി (കത്തീഡ്രൽ), ഭരണങ്ങാനം, ചേർപ്പുങ്കൽ, കടപ്ലാമറ്റം, കൊഴുവനാൽ, പ്രവിത്താനം എന്നീ ഫൊറോനകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. സാന്തോം ഗായകസംഘത്തിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ പാലാ വലിയപള്ളി വികാരി വെരി റവ. ഫാ. ജോസഫ് മലേപ്പറമ്പിൽ സ്വാഗതം ആശംസിച്ചു.
സമ്മേളനത്തിൽ വിവിധ പ്രമുഖർ ആശംസകൾ അർപ്പിച്ചു:
- മോൺ. ജോസഫ് തടത്തിൽ (പ്രോട്ടോസിഞ്ചെല്ലുസ്, പാലാ രൂപത)
- റവ. സി. ലിസ്ബിൻ എഫ്.സി.സി (പ്രൊവിൻഷ്യൽ സുപ്പീരിയർ, അൽഫോൻസ പ്രൊവിൻസ്)
- ശ്രീ. മാത്യു എം. കുര്യാക്കോസ് (പ്രോലൈഫ് പ്രസിഡന്റ്, പാലാ)
സമുദായ ശാക്തീകരണത്തിനായുള്ള പ്രായോഗിക നിർദ്ദേശങ്ങൾ പാലാ രൂപത സിഞ്ചെല്ലൂസ് മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അവതരിപ്പിച്ചു. സംസ്ഥാന യുവ കർഷക അവാർഡ് ജേതാവ് ശ്രീ. മോനു വെളിയത്തുമാലിലിനെ ചടങ്ങിൽ ആദരിച്ചു. തുടന്ന് ശ്രീമതി. റ്റിൻസി ബാബു (എസ്. എം. വൈ. എം. പ്രതിനിധി) സമുദായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കത്തീഡ്രൽ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ഷാജി എ. കെ. ആവിമൂട്ടിൽ കൃതജ്ഞത രേഖപ്പെടുത്തി. സാന്തോം ഗായകസംഘം ആലപിച്ച സമുദായ ശക്തീകരണ ആന്തത്തോടു കൂടി സമ്മേളനം സമാപിച്ചു.















