തിരുവമ്പാടി: ബഫർ സോൺ വിഷയത്തിൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാതെ മലയോരമേഖലയിലെ ജനങ്ങളെ നിശബ്ദമായി കുടിയിറക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ബഫർ സോൺ വിഷയത്തിൽ അബദ്ധജടിലമായ മാപ്പ് പ്രസിദ്ധീകരിച്ചവർക്കു മാപ്പില്ലെന്നും തിരുവമ്പാടിയിൽ കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബിഷപ് വ്യക്തമാക്കി. നിരവധിതവണ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ഒറ്റയ്ക്കും കൂട്ടായും ശ്രമിച്ചിട്ടുണ്ട്. എന്നാൽ അബദ്ധജടിലമായ മാപ്പ് പ്രസിദ്ധീകരിച്ച് ജനങ്ങളെ ആശങ്കയിലാക്കുക മാത്രമാണു സർക്കാർ ചെയ്തിരിക്കുന്നതെന്നും ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. റവന്യൂ ഭൂമിയുടെ സ്ഥിതിവിവരക്കണക്ക് ശേഖരിക്കുവാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തിയതു തന്നെ സർക്കാരിന്റെ തെറ്റായ നയത്തിന്റെ സൂചനയാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ മറ്റു മൂന്നു മന്ത്രിമാരെ ഈ വിഷയങ്ങൾ പഠിച്ച് ഏകോപനം നടത്തുവാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തണം. കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് സർക്കാരുകൾ ഈ വിഷയത്തിൽ ജനപക്ഷ നിലപാട് സ്വീകരിച്ച് കർഷകർക്കൊപ്പം നിന്നു . എന്നാൽ കേരളം മാത്രം കർഷകവിരുദ്ധമായ നിലപാടാണ് തുടർച്ചയായി സ്വീകരിക്കുന്നത്.
ബഫർ സോൺ വനത്തിനുള്ളിൽ മാത്രം പരിമിതപ്പെടുത്താൻ സർക്കാർ തയാറാകണം.115 പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും നിർമിതികളെയും ബഫർ സോൺ പരിധിയിൽ നിന്ന് ഒഴിവാക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ റിപ്പോർട്ട് തയാറാക്കി സുപ്രീംകോടതിക്കു സമർപ്പിക്കണം. പ്രതിപക്ഷത്തായിരുന്നപ്പോൾ ഒരു നിലപാടും ഭരണപക്ഷത്ത് എത്തുമ്പോൾ മറ്റൊരു നിലപാടും എന്ന നയം ഇപ്പോഴത്തെ ഭരണാധികാരികൾക്കു ഭൂഷണമല്ലെന്നും ബിഷപ് കുറ്റപ്പെടുത്തി. ബഫർസോൺ വിഷയത്തിൽ ഇന്ന് കൂരാച്ചുണ്ടിൽ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സമരം ആരംഭിക്കുമെന്ന് ബിഷപ് വ്യക്തമാക്കി. കർഷക അതിജീവന സംയുക്ത സമിതിയുടെ ജനറൽ കൺവീനർ ഡോ.ചാക്കോ കാളംപറമ്പിൽ എസ്എൻഡിപി യോഗം യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ, അഡ്വ. സുമി നെടുങ്ങാൻ, കാസ്സ് ജില്ലാ കൺവീനർ ബോണി ജേക്കബ്, ജില്ലാ സമിതി അംഗം കുഞ്ഞാലി കട്ടിപ്പാറ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision